election-2019

അയോദ്ധ്യ, ഉത്തർപ്രദേശ്

പ്രിയങ്കയുടെ ആദ്യ അയോദ്ധ്യാ സന്ദർശനം

ഇന്നലത്തെ അന്തരീക്ഷ താപനില: 33 ഡിഗ്രി സെൽഷ്യസ്

അയോദ്ധ്യയിലെ

രാമഭക്ത

അയോദ്ധ്യ. ഇന്നലെ പകൽനേരം പതിവിലും ഉഷ്‌ണത്തിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. പ്രിയങ്കാ ഗാന്ധിയുടെ ആദ്യ അയോദ്ധ്യാ സന്ദർശനം. ഉത്തർപ്രദേശിൽ, കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും അമ്മയ്‌ക്കും ജ്യേഷ്‌ഠനും വേണ്ടി പ്രിയങ്ക പ്രചാരണത്തിനുണ്ടായിരുന്നു. പക്ഷേ, ഇത്തവണ അങ്ങനെയല്ല. കിഴക്കൻ യു.പിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി. മത്സരരംഗത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രാഷ്‌ട്രീയ താരമുഖം. ഇന്നലെ, പ്രിയങ്ക പതിവിലും ഉന്മേഷവതിയായിരുന്നു.

ഉത്തർപ്രദേശിൽ രണ്ടു ദിവസം മുമ്പേ തുടങ്ങിയതാണ് പ്രിയങ്കയുടെ പ്രചാരണം.അമേതിയിലും റായ്ബറേലിയിലും ബാരബാങ്കിയിലും പൊതുസമ്മേളനങ്ങൾ കഴിഞ്ഞു. ഇന്നലെ, അയോദ്ധ്യയിലെ റോഡ് ഷോ. ദിവസങ്ങൾക്കു മുമ്പേ പ്രിയങ്കയുടെ അയോദ്ധ്യാ സന്ദ‌ർശനത്തിന്റെ പോസ്റ്ററുകൾ നിറഞ്ഞിരുന്നു. പോസ്റ്ററിൽ പ്രിയങ്കയ്‌ക്ക് പരമ രാമഭക്തയുടെ വേഷം! പോസ്റ്ററിൽ ഇടതുവശത്തു പ്രിയങ്കയും വലതുവശം രാഹുലും. മദ്ധ്യത്തിൽ ഭഗവാൻ ശ്രീരാമൻ! അതിന്റെ പേരിൽ പ്രിയങ്കയ്‌ക്ക് കണക്കിന് വിമർശനവും കിട്ടുന്നുണ്ട്. ഒരിക്കൽ ശ്രീരാമൻ ജീവിച്ചിരുന്നോ എന്ന് സംശയമുന്നയിച്ചവരാണ് ഇപ്പോൾ രാമഭക്ത വേഷം കെട്ടുന്നത് എന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. ഗംഗായാത്രയും ക്ഷേത്രദർശനവും പൂജകളുമൊക്കെയായി പ്രിയങ്ക പരിപൂർണ ഭക്തയുടെ റോളിൽത്തന്നെ.

മെഹബൂബ് നഗർ, തെലുങ്കാന

തെലുങ്കാനയിൽ മോദിയുടെ പ്രചാരണാരംഭം

ഇന്നലത്തെ അന്തരീക്ഷ താപനില: 36 ഡിഗ്രി സെൽഷ്യസ്

ചൗക്കിദാറോ

ജ്യോത്സ്യനോ?

രാജ്യത്തിന്റെ കാവൽക്കാരന് വോട്ടു ചെയ്യണോ, അഴിമതിയുടെ പാരമ്പര്യമുള്ള കുടുംബത്തിന് വോട്ടു ചെയ്യണോ?- തെലുങ്കാനയിലെ വോട്ടർമാരോട് നരേന്ദ്ര മോദിയുടെ ചോദ്യം. ഇന്നലെ, തെലുങ്കാനയിൽ മോദിയുടെ ആദ്യ തിരഞ്ഞെടുപ്പു പ്രചാരണ റാലി. ചുട്ടു പഴുത്തുകിടക്കുകയായിരുന്നു, തെലുങ്കാന മെഹബൂബ് നഗറിലെ ഭൂത്പൂർ. മോദിയുടെ പ്രസംഗം കേൾക്കാൻ ആയിരങ്ങൾ. കോൺഗ്രസിനെ ആക്രമിച്ചു തുടങ്ങിയ മോദി പതിയെ, വിമർശനത്തിന്റെ മുന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന് എതിരെ തിരിച്ചു. തെലുങ്കാന സംസ്ഥാന രൂപീകരണത്തിനു മുമ്പ് മെഹബൂബ്നഗർ ആന്ധ്രയുടെ ഭാഗമായിരിക്കെ, അവിടെ നിന്നുള്ള എം.പി ആയിരുന്നു കെ.സി.ആർ. തെലുങ്കാനയിൽ മോദിയുടെ പ്രചാരണം അവിടെ നിന്നുതന്നെ തുടങ്ങിയത് സ്വാഭാവികം.

മണ്ഡലത്തിനു വേണ്ടി ചെയ്‌തിനേക്കാൾ കൂടുതൽ കാര്യങ്ങൾ റാവു ചെയ്‌തത് മകനും ബന്ധുക്കൾക്കും വേണ്ടിയാണെന്ന് മോദിയുടെ ആക്ഷേപം. നിയമസഭാ തിരഞ്ഞെടുപ്പ് കെ.സി.ആർ നേരത്തേയാക്കിയത് ഒരു ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ്. തെലുങ്കാനയുടെ ഭാവി നിശ്ചയിക്കേണ്ടത് ഏതെങ്കിലും ജ്യോത്സ്യനാണോ എന്ന് ജനങ്ങൾ തീരുമാനിച്ചാൽ മതി- മോദി പറഞ്ഞു.

മെഹബൂബ് നഗറിൽ 45 മിനിട്ട് പ്രസംഗം. അതിൽ 30 മിനിട്ടും വിമർശനം ടി.ആർ.എസിനും കെ.സി.ആറിനും. കേന്ദ്ര പദ്ധതികൾക്കു മേൽ സംസ്ഥാനത്തിന്റെ ലേബൽ ഒട്ടിക്കലാണ് ചന്ദ്രശേഖർ റാവുവിന്റെ പണിയെന്നും മോദിയുടെ പരിഹാസം.

യമുനാ നഗർ, ഹരിയാന

കോൺഗ്രസ് പരിവർത്തൻയാത്ര

ഇന്നലത്തെ അന്തരീക്ഷ താപനില: 33 ഡിഗ്രി സെൽഷ്യസ്

മോദിയുടെ നീതി

സമ്പന്നരോട്

ഹരിയാന. കോൺഗ്രസിന്റെ പരിവർത്തൻ യാത്ര. രാഹുൽ കത്തിക്കയറുകയായിരുന്നു. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതി ആവിഷ്‌കരിക്കാൻ കോൺഗ്രസ് ആറു മാസമാണ് ചെലവിട്ടത്. ഈ തിരഞ്ഞെടുപ്പ് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്- രാഹുലിന്റെ ശബ്‌ദത്തിന് യമുനാ നഗർ കാതോർത്തിരുന്നു. വിമർശനമത്രയും നരേന്ദ്ര മോദിക്കു നേരെ.

അധികാരത്തിലിരുന്ന അഞ്ചു വർഷവും മോദി പാവങ്ങളോടു ചെയ്‌തത് അനീതിയാണ്. കോൺഗ്രസ് നീതിക്കു വേണ്ടി വോട്ടു ചോദിക്കുന്നു. മോദിയുടെ നീതി സമ്പന്നരോടായിരുന്നു. വെറും 15 സമ്പന്നർക്കു വേണ്ടിയാണ് പ്രധാനമന്ത്രി മൂന്നരലക്ഷം കോടി രൂപ എഴുതിത്തള്ളിയത്. പകൽ മുഴുവൻ വയലിൽ ജോലിചെയ്യുന്ന കൃഷിക്കാർ, അവരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന കാര്യം പറയുമ്പോൾ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറയുന്നു, അത് അവരുടെ പാർട്ടിയുടെ നയമല്ലെന്ന്!

റാഫേൽ ഇടപാടിലൂടെ മോദി നടപ്പാക്കിയത് മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയല്ല, മേയ്‌ഡ് ഇൻ ഫ്രാൻസ് പദ്ധതിയാണ്. ഈ അത്യാധുനിക യുദ്ധവിമാനം എച്ച്.എ.എല്ലിൽ നിർമ്മിക്കാവുന്നതേയുള്ളൂ. ഘടകഭാഗങ്ങൾ പല സംസ്ഥാനങ്ങളിലായി നിർമിച്ചിരുന്നെങ്കിൽ പതിനായിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കുമായിരുന്നു- രാഹുൽ പറഞ്ഞു.