hardik-

അഹമ്മദാബാദ്: പട്ടേൽ സംവരണപ്രക്ഷോഭ നേതാവ് ഹാർദ്ദിക് പട്ടേലിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. പട്ടേൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആക്രമണക്കേസുകളിൽ ഹാർദ്ദിക്കിനെ പ്രതിചേർത്ത മെഹ്സാന ജില്ലയിലെ സെഷൻസ് കോടതിവിധിക്ക് സ്റ്റേയില്ല. കേസിൽ രണ്ടു വർഷം ശിക്ഷിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹാർദ്ദിക് സമർപ്പിച്ച ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു ഹാർദ്ദിക്. ഹാർദ്ദിക്കിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകളും 17ഓളം എഫ്.ഐ.ആറുകളുമുണ്ടെന്ന് ഹർജി പരിശോധിച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഉറൈസി ചൂണ്ടിക്കാട്ടി.

2015ലെ പട്ടേൽ സംവരണ പ്രക്ഷോഭത്തെ തുടർന്നുണ്ടായ കലാപകേസിലാണ് ഹാർദ്ദിക് പട്ടേലിന് 2018 ൽ വിസ്നഗർ സെഷൻസ് ജഡ്ജി വി.പി. അഗർവാൾ തടവുശിക്ഷ വിധിച്ചത്. പ്രക്ഷോഭത്തിനിടെ ബി.ജെ.പി എം.എൽ.എ ഋഷികേശ് പട്ടേലിന്റെ ഓഫീസ് അടിച്ചുതകർത്തതിനും സ്വത്തുവകകൾ നശിപ്പിച്ചതിനുമായിരുന്നു ശിക്ഷ. രണ്ടോ അതിൽകൂടുതലോ വർഷത്തേക്ക് ശിക്ഷിക്കപ്പെടുന്നവർക്ക് ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത കല്പിക്കുന്ന സുപ്രീംകോടതി വിധിയനുസരിച്ചാണ് ഹാർദ്ദിക്കിന് മത്സരിക്കാൻ വിലക്കേർപ്പെടുത്തിയത്. രണ്ടാഴ്ച മുമ്പ് കോൺഗ്രസിൽ ചേർന്ന ഹാർദ്ദിക് ജാംനഗറിൽനിന്ന് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.