കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ സി.പി.എം ഡൽഹിയിൽ അന്തർനാടകങ്ങൾ നടത്തിയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും മുല്ലപ്പള്ളി കോഴിക്കോട്ട് പറഞ്ഞു. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും അന്ധമായ കോൺഗ്രസ് വിരോധമാണ്. വയനാട് സ്ഥാനാർത്ഥിത്വത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. ഉടൻ തീരുമാനമുണ്ടാകും. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് വിജയസാദ്ധ്യതയെ ബാധിക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം, രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടി നടത്തിയ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.