qatar

കൊച്ചി: ഖത്തറിന്റെ വീസ കേന്ദ്രം കൊച്ചിയിൽ ചങ്ങമ്പുഴ പാർക്ക് മെട്രോ സ്‌റ്രേഷന് സമീപത്തെ നാഷണൽ പേൾ സ്‌റ്രാർ കെട്ടിടത്തിൽ തുറന്നു. ഡൽഹി, മുംബയ് എന്നിവിടങ്ങളിലും കഴിഞ്ഞദിവസം വീസ കേന്ദ്രം ഖത്തർ തുറന്നിരുന്നു. കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ലക്‌നൗ എന്നിവിടങ്ങളും ഉടൻ വീസ കേന്ദ്രങ്ങൾ തുറക്കും. മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ വീസ സെന്ററിൽ ലഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രവർത്തനം.

തൊഴിൽ വീസ അപേക്ഷകരുടെ തൊഴിൽ കരാറുകൾ ഡിജിറ്റലായി ഒപ്പിടാനുള്ള സൗകര്യം ഖത്തർ വീസ കേന്ദ്രത്തിലുണ്ട്. ബയോമെട്രിക് എൻറോൾ‌മെന്റ്, നിർബന്ധ വൈദ്യപരിശോധന എന്നിവയും ഇവിടെത്തന്നെ നടത്താം. ഖത്തറിലെ തൊഴിൽ ദാതാവിന് എല്ലാ നടപടികളും പൂർത്തിയാക്കി പണം അടയ്‌ക്കാനുള്ള സൗകര്യവുമുണ്ട്. ഇതിനായി, അപേക്ഷകർ ഓൺലൈനായി മുൻകൂർ അപ്പോയിൻമെന്റ് എടുക്കണം. നിശ്‌ചിത സമയത്തിന് 15 മിനുട്ട് മുമ്പ് റിപ്പോർട്ട് ചെയ്യുകയും വേണം.