passport

തിരുവനന്തപുരം: ഭർത്താവിന്റെ പാസ്‌പോർട്ടിനെ ടെലഫോൺ ഡയറക്‌ടറാക്കിയ വീട്ടമ്മയുടെ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ തന്റെ അമ്മയുടെ നിഷ്‌ക്കളങ്കമായ പ്രവർത്തി മൊബൈലിൽ പകർത്തിയതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ പക്രു എന്ന യുവാവ്. വീഡിയോയിലുള്ള നമ്പരുകളിലേക്ക് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നിലയ്‌ക്കാതെ കോൾ വരികയാണ്. സംഭവം സത്യമാണോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ശല്യം സഹിക്കാനാവാതെ ബന്ധുക്കളിൽ ചിലർ തങ്ങളുടെ നമ്പർ മാറ്റി. ഒടുവിൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവാവും കുടുംബവും.

യുവാവ് പറയുന്നത് ഇങ്ങനെ... 1997ൽ ഇഷ്യൂ ചെയ്‌ത തന്റെ അച്ഛന്റെ പാസ്‌പോർട്ടിലാണ് അമ്മ ബന്ധുക്കളുടെ ഫോൺ നമ്പരുകൾ എഴുതി സൂക്ഷിച്ചത്. കഴിഞ്ഞ 2007 സെപ്‌തംബറിൽ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു. രണ്ട് മാസം മുമ്പാണ് പാസ്‌പോർട്ടിലെ എഴുത്ത് ശ്രദ്ധയിൽ പെടുന്നത്. അടുത്ത ബന്ധുക്കളുടെ ഫോൺ നമ്പരും വീട്ടിലെ ചില കണക്കുകളുമായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. ഒരു കൗതുകത്തിനാണ് മൊബൈലിൽ പകർത്തിയത്. അടുത്ത ബന്ധുക്കൾക്ക് മാത്രം അയച്ചു. എങ്ങനെയാണ് വീഡിയോ പ്രചരിച്ചത് എന്നതിനെക്കുറിച്ച് അറിയില്ല. രണ്ട് ദിവസം മുമ്പാണ് വീഡിയോ വൈറലായെന്ന് അറിയുന്നത്. ഇതിനിടയിൽ വീഡിയോയിൽ കാണുന്ന സ്ത്രീകളുടെ നമ്പരുകളിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് ഫോൺകോളുകൾ വരാൻ തുടങ്ങി. ശല്യം സഹിക്കാൻ കഴിയാത്തതോടെ ബന്ധുക്കളിൽ ചിലർക്ക് നമ്പർ മാറ്റേണ്ടി വന്നെന്നും യുവാവ് പറയുന്നു.

സോഷ്യൽ മീഡിയ അത്ര സേഫല്ല

സ്വന്തം മൊബൈൽ ഫോണിൽ സ്വകാര്യ വീഡിയോകൾ ചിത്രീകരിക്കുകയും അത് ഫാമിലി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നതും ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഇതിന് പിന്നിലെ അപകടങ്ങൾ ആരും മനസിലാക്കുന്നില്ലെന്നതാണ് സത്യം. ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ എവിടെയെങ്കിലും ഷെയർ ചെയ്യപ്പെട്ടാൽ പിടിച്ചാൽ കിട്ടാത്ത രീതിയിൽ പ്രചരിക്കും. ഈ വീഡിയോകൾ എവിടെയൊക്കെ എത്തുമെന്നും എന്തിനൊക്കെ ഉപയോഗിക്കുമെന്നും ആർക്കും പ്രവചിക്കാനാവില്ല. സാങ്കേതിക വിദ്യയുടെ വികാസത്തിനൊപ്പം ഇത്തരം അപകടങ്ങളെക്കുറിച്ച് കൂടി ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൈബർ സെൽ നിർദ്ദേശിക്കുന്നു.