election-2019

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മായാവതിയുടെ ബി.എസ്.പിയുമായി സഖ്യത്തിലെത്താനുള്ള തന്റെ തീരുമാനത്തിൽ അച്ഛൻ മുലായംസിംഗ് യാദവിന് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അഖിലേഷ് യാദവ്. രാജ്യത്തെ വലിയൊരു വിപത്തിൽ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും അഖിലേഷ് പറഞ്ഞു.

മെയിൻപൂരിയിലുൾപ്പെടെ പലേടത്തും ബി.എസ്.പിയുമായി ചേർ‌ന്ന് സമാജ്‌വാദി സംയുക്ത റാലികൾ സംഘടിപ്പിക്കുണ്ട്. മുലായവും ഇതിൽ പങ്കെടുക്കും. മായാവതിയും മുലായവും പരസ്‌പരം അധികം സംസാരിക്കാറില്ലെങ്കിലും ഗോരാഖ്‌പൂരിലെ വിജയത്തിൽ മായാവതിയെ മുലായം അഭിനന്ദിച്ചിരുന്നു. ചില കാര്യങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും ഒരുപോലെയാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനേക്കാൾ പാർട്ടിയുടെ പുനരുദ്ധാരണമാണ് കോൺഗ്രസ് ലക്ഷ്യം വയ്‌ക്കുന്നത്- അഖിലേഷ് പറഞ്ഞു.