തൊടുപുഴ: ഇടുക്കിയിൽ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദിനെ പൊലീസ് അറസ്റ്റുചെയ്തു. മർദ്ദനത്തിനിരയായ കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് അരുൺ ആനന്ദ്. ഇയാളെ ഉടൻ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കും. അരുൺ ക്രിമനൽ പശ്ചാത്തലമുള്ളയാളെന്ന് പൊലീസ് സ്ഥിരീകരിച്ചു. 2008ൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ റജിസ്റ്റർ ചെയ്ത വിജയരാഘവൻ കൊലക്കേസിലെ പ്രതിയാണ് അരുൺ ആനന്ദെന്നാണ് പുറത്തുവരുന്ന വിവരം. ഏകദേശം നാലോളം കേസുകളിൽ പ്രതിയായ അരുൺ തിരുവനന്തപുരം നന്തൻ കോട് സ്വദേശിയാണ്.
ഇളയകുട്ടി കട്ടിലില്‍ മൂത്രമൊഴിച്ചതിന്റെ പേരിലായിരുന്നു അമ്മയുടെ സുഹൃത്തിന്റെ ക്രൂരത. ചവിട്ടി വീഴ്ത്തിയ ശേഷം എഴുന്നേറ്റ കുട്ടിയെ എടുത്തെറിഞ്ഞു. ഷെൽഫിൽ തലയിടിച്ചു വീണ കുട്ടിയെ താഴത്തിട്ട് വീണ്ടും ചവിട്ടി. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു മർദ്ദനമെന്ന് തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് പറഞ്ഞു. തടയാൻ ശ്രമിച്ച തനിക്കും മർദ്ദനമേറ്റെന്നാണ് അമ്മയുടെ മൊഴി. മർദ്ദനം പതിവാണെന്നും പേടികൊണ്ടാണ് പുറത്തുപറയാത്തതെന്നും യുവതി പറയുന്നു.
അതേസമയം തൊടുപുഴയില്‍ ഏഴുവയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും 48 മണിക്കൂർ ഏറെ നിർണായകമാണെന്നും കോലഞ്ചേരി മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.ജി ശ്രീകുമാർ പറഞ്ഞു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പക്കാൻ ഇടുക്കി ജില്ലാ അധികാരികളാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റം വന്നിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും നിലച്ചു. തലയോട്ടിയുടെ പിറക് വശത്തായി രണ്’ പൊട്ടലാണുള്ളത്. ശ്വാസകോശത്തിനും ഹൃദയത്തിനും വൻകുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. രണ്ട് കണ്ണും പുറത്തേക്ക് തള്ളി വന്നിട്ടുണ്ട്. ശക്തമായ വീഴചയിൽ സംഭവിക്കുന്നതാണ് ഇത്തരം പരുക്കുകൾ.48 മണിക്കൂർ നിരീക്ഷണം തുടരും.
കുട്ടി പഠിക്കുന്ന തൊടുപുഴ കുമാരമംഗലം എ യു പി സ്കൂൾ അധികൃതരും ആശുപത്രിയിൽ തുടരുകയാണ്. കുട്ടിയുടെ ദേഹമാസകലം കാലങ്ങളായി മര്‍ദനമേറ്റത്തിന്റെ പാടുകളുണ്ടെന്ന് കുഞ്ഞിനെ സന്ദർശിച്ച തൊടുപുഴ എ.ഇ.ഒ. കെ.കെ.രമേശ് കുമാര്‍ പറഞ്ഞു. ഇനിയുള്ള 48 മണിക്കൂർ ഏറെ നിർണായകമാണ്. ചെറിയ പുരോഗതി ആരോഗ്യനിലയിൽ പ്രകടിപ്പിച്ചാൽ അതിന് ശേഷവും വെന്റിലേറ്റർ സഹായം തുടരും.
പ്രതി അരുൺ ആനന്ദ് ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നും ആയുധം കയ്യിൽ സൂക്ഷിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസ് എടുത്തു. അരുൺ ആനന്ദ് സ്ഥിരമായി മദ്യവും ലഹരിപദാർത്ഥങ്ങളും ഉപയോഗിച്ചിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ച പ്രതിയുടെ കാറിൽ നിന്ന് മദ്യവും ഇരുമ്പു മഴുവും കണ്ടെത്തി.
തൊടുപുഴയിൽ സ്വന്തമായി വർക്ക് ഷോപ്പ് ഉണ്ടെന്നും ഭാര്യാ ഭർത്താക്കന്മാരാണെന്നും പറഞ്ഞാണ് യുവതിയും രണ്ട് മക്കളും സുഹൃത്തു അരുൺ ആനന്ദും തൊടുപുഴ കുമാരമംഗലത്തെ വീട്ടിൽ കഴിഞ്ഞ ഒരുമാസമായി വാടകക്ക് താമസിച്ചു വന്നത്. ഒരു വർഷം മുൻപ് ഭർത്താവ് മരിച്ച യുവതി ഭർത്താവിന്റെ അടുത്ത ബന്ധുവായ അരുണിനൊപ്പം തിരുവനന്തപുരം നന്ദൻകോട് നിന്ന് ഒളിച്ചോടുകയായിരുന്നു. ആക്രമിക്കപ്പെട്ട ഏഴുവയസുകാരന്റെ അനുജൻ നൽകിയ മൊഴിയും അരുണിന് എതിരാണ്. വീട്ടിൽവെച്ചു മർദ്ദനം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെന്നു നാട്ടുകാർ പറഞ്ഞു. ഇളയ സഹോദരൻ ഇപ്പോൾ തൊടുപുഴയിൽ യുവതിയുടെ വല്യമ്മയുടെ ഒപ്പമാണ്.