ramesh-chennithala

കൊല്ലം: കഴിവുകെട്ട ഭരണാധികാരികളുടെ അഴിമതിയും ധൂർത്തും കാരണം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ട്രഷറി ബാലൻസ് 100 കോടിയിലേക്ക് കൂപ്പുകുത്തി. പൊതുകടം 750 കോടിയായി വർദ്ധിച്ചു. നിത്യച്ചെലവിനുപോലും പണമില്ലാത്ത അവസ്ഥ. അയ്യായിരത്തോളം കോടി രൂപയുടെ ബില്ലുകൾ പാസാകാതെ ധനവകുപ്പിൽ കെട്ടിക്കിടക്കുകയാണെന്നും കൊല്ലം പ്രസ് ക്ലബിന്റെ 'ജനവിധി 2019' സംവാദത്തിൽ അദ്ദേഹം പറഞ്ഞു.

വർഷങ്ങൾക്കുശേഷമാണ് സംസ്ഥാനം ഇങ്ങനെയൊരു അവസ്ഥയിലാകുന്നത്. ഒരു ബില്ലും സ്വീകരിക്കരുതെന്ന് ട്രഷറികൾക്ക് വാക്കാൽ നിർദ്ദേശം നൽകിയിരിക്കുകയാണ്. എടുക്കുന്ന ബില്ലുകൾ ട്രഷറി ക്യൂവിലേക്ക് മാറ്റാനാണ് നിർദ്ദേശം. ട്രഷറി ഫലത്തിൽ സ്തംഭിച്ചിരിക്കുകയാണ്. ഇതിനുത്തരവാദിയായ ധനമന്ത്രി രാജിവയ്ക്കണം. സാമ്പത്തിക വർഷം അവസാനിക്കുന്ന ഘട്ടത്തിൽ സംസ്ഥാനത്തിന്റെ പദ്ധതിച്ചെലവ് 59.29 ശതമാനം മാത്രമാണ്. ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പകുതിയോളം പദ്ധതികളും നടപ്പായില്ലെന്നാണ് ഇതിനർത്ഥം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 85 മുതൽ 90 ശതമാനം വരെയായിരുന്നു പദ്ധതിച്ചെലവ്.

ഈ സാമ്പത്തിക വർഷം അടിസ്ഥാന വികസന പദ്ധതികൾക്കായി നീക്കിവച്ച 1638.81 കോടിയിൽ 172.29 കോടി മാത്രമാണ് ചെലവഴിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

വയനാട് വൈകുന്നതിൽ പ്രയാസം

വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ പ്രയാസമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഐ.ഐ.സി.സി ഇക്കാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കും. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കൂട്ടായാണ് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പ്രധാനമന്ത്രിയാകാൻ സാദ്ധ്യതയുള്ള ആരും കേരളത്തിൽ നിന്ന് ഇതുവരെ മത്സരിച്ചിട്ടില്ല. ഇത്തവണ അങ്ങനെയൊരാൾ വേണമെന്നാഗ്രഹിച്ചു. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കൂടുതൽ സീറ്റു ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.