ബംഗളൂരു: കർണാടകയിലെ ജനതാദൾ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് നടത്തിയ വ്യാപക റെയ്ഡിന് പിന്നാലെ ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ജനതാദൾ സെക്യുലർ നേതാവ് എച്ച്.ഡി. ദേവഗൗഡ. 2018 ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കാൻ ബി.ജെ.പി കുമാരസ്വാമിക്ക് പണം വാഗ്ദാനം ചെയ്തിരുന്നതായാണ് ഗൗഡയുടെ ആരോപണം. പ്രലോഭനത്തിന് വഴങ്ങാത്തതിൽ രാഷ്ട്രീയ പകപോക്കലാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കുമാരസ്വാമിയോട് മുംബയിലെത്താൻ ചില ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ജനതാദളിന്റെ തിരഞ്ഞെടുപ്പു ചെലവിന് പുറമെ വലിയ തുകയും അവർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ബി.ജെ.പിയുമായി കൈകോർക്കേണ്ടതില്ലെന്നും അച്ഛന്റെ താത്പര്യത്തിനും ജനങ്ങളുടെ താത്പര്യത്തിനും വിരുദ്ധമായി പ്രവർത്തിക്കില്ലെന്നും കുമാരസ്വാമി ബി.ജെ.പി നേതാക്കളെ അറിയിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ താനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നെന്നും എന്നാൽ താത്പര്യമില്ലെന്ന് പറഞ്ഞ് അന്ന് അത് ഒഴിവാക്കുകയായിരുന്നെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടെ വിശ്വസ്തനായ മന്ത്രി സി.എസ്. പുട്ടരാജു ഉൾപ്പെടെയുള്ള ജനതാദൾ നേതാക്കൾക്കെതിരെ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയത്. കേന്ദ്രത്തിന്റെ പ്രതികാരമെന്നാരോപിച്ച് കുമാരസ്വാമിയും മറ്റ് ജനതാദൾ, കോൺഗ്രസ് നേതാക്കളും തെരുവിലിറങ്ങിയതും ആദായനികുതി വകുപ്പിന്റെ ഓഫീസ് ഉപരോധിച്ചതും നാടകീയ രംഗങ്ങൾക്കും വഴിവച്ചിരുന്നു. അതേസമയം, ബംഗളൂരു, ചിക്കമംഗളൂരു തുടങ്ങിയ ഇടങ്ങളിലെ 20ഓളം കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ രണ്ട് കോടിയോളം രൂപയും ഒന്നരക്കിലോയോളം സ്വർണാഭരണങ്ങളും പിടിച്ചെടുത്തെന്നാണ് വിവരം.
അന്ന് മമത, ഇന്ന് കുമാരസ്വാമി
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസന്വേഷണത്തിന്റെ പേരിൽ കൊൽക്കത്ത പൊലീസ് കമീഷണറുടെ വസതിയിൽ 40 അംഗ സി.ബി.ഐ സംഘം റെയ്ഡിന് എത്തിയതിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഘവും തെരുവിലിറങ്ങിയിരുന്നു. സിബിഐ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിയ്ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണെന്നാരോപിച്ചായിരുന്നു മമതയുടെ സമരം.