കൊച്ചി: പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പണം അയയ്‌ക്കാനായി അത്യാധുനിക സാങ്കേതികവിദ്യയുടെ പിൻബലമുള്ള രണ്ടു പുതിയ സംവിധാനങ്ങൾ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. എക്‌സ്‌ചേഞ്ച് ഹൗസുകൾ, ബാങ്കുകൾ എന്നിവയുടെ പങ്കാളിത്തതോടെ പണം അയയ്‌ക്കുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2017ൽ അവതരിപ്പിച്ച ബ്ളോക്ക് ചെയിൻ സംവിധാനം ഇന്ത്യൻ ഫിൻടെക് കമ്പനിയായ ഡിജിലെഡ്‌ജുമായി ചേർന്ന് കൂടുതൽ മികവുറ്റ ആർ3 കോർഡ ബ്ളോക്ക് ചെയിൻ ഉപയോഗിച്ച് വികസിപ്പിച്ചിട്ടുണ്ട്.

ആഗോള തലത്തിൽ 180ലേറെ ശാഖകളുള്ള പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ ലുലു എക്‌സ്‌ചേഞ്ച് രാജ്യാന്തരതല പണം അയയ്‌ക്കൽ സേവനങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പണം സ്വീകരിക്കുന്നയാളുടെ വിർച്വൽ പേമെന്റ് വിലാസം (വി.പി.എ) ഉപയോഗിച്ച് എക്‌സ്‌ചേഞ്ച് ഹൗസുകളും ബാങ്കുകളും വഴി പണം അയയ്‌ക്കാവുന്ന, ഏറെ സുരക്ഷിതമായ പുതിയ സംവിധാനവും ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ യു.പി.ഐ 2.0 പ്രയോജനപ്പെടുത്തി അവതരിപ്പിച്ച സംവിധാനമാണിത്.

അബുദാബിയിലെ ലുലു എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ലുലു എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ്, ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ എന്നിവർ പുതിയ സംവിധാനത്തിലെ ആദ്യ ഇടപാട് നടത്തി. ബ്ളോക്ക് ചെയിൻ പിന്തുണയോടെ ആഗോളതലത്തി. പണമടയ്‌ക്കലുകൾ നടത്തുന്ന കമ്പനിയായ റിപ്പിളുമായും ഫെഡറൽ ബാങ്ക് ധാരണയിൽ എത്തിയിട്ടുണ്ട്.