ന്യൂഡൽഹി: അധികാരമേറ്റതു മുതൽ ലോകം മുഴുവൻ പറന്നുനടന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ലന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വരാണസിയിലെ ജനങ്ങളിൽ നിന്നാണ് ഇക്കാര്യം മനസിലാക്കിയതെന്നും പ്രിയങ്ക പറഞ്ഞു.
പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ വരാണസി അടക്കം എവിടെയും മത്സരിക്കാൻ തയ്യാറാണെന്ന് അവർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേതിയിലെ പർസൗളിയിൽ സ്ത്രീകളുമായി സംവദിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ ഇന്നത്തെ പ്രചാരണ പരിപാടികളുടെ തുടക്കം. തുടർന്ന് സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലൂടെ അയോദ്ധ്യയിലേക്ക് പ്രചാരണം നടത്തി.
ദാരിദ്ര്യനിർമ്മാർജ്ജനമാണ് ന്യായ് പദ്ധതിയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ പ്രിയങ്ക പാർട്ടി അധികാരത്തിലെത്തിയാൽ പദ്ധതി പ്രായോഗികമാക്കുക തന്നെ ചെയ്യുമെന്ന് ആവർത്തിച്ചു.