1. ചരിത്ര നേട്ടവുമായി കിഫ്ബി. കിഫ്ബിയില്‍ മസാല ബോണ്ട് വഴി 2150 കോടി രൂപ സമാഹരിച്ചു. ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്‌ചേഞ്ചുകള്‍ വഴിയാണ് തുക സമാഹരിക്കുന്നത്. 2024ല്‍ തുക തിരിച്ചടയ്ക്കണം. 9.25 ശതമാനമാണ് പലിശ.
2. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പട്ടേലിന് മത്സരിക്കാന്‍ കഴിയില്ല. നടപടി, പട്ടേല്‍ സംവരണ പ്രക്ഷോഭ കേസിലെ ശിക്ഷ സ്റ്റേ ചെയ്യണം എന്ന അപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന്. 2015ല്‍ ഗുജറാത്ത് മെഹ്സാനയിലെ കലാപത്തിലാണ് വിസ്നഗര്‍ സെഷന്‍സ് കോടതി ഹര്‍ദികിന് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 2018ല്‍ ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
3. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കുകയും ചെയ്തു എങ്കിലും കുറ്റ വിമുക്തന്‍ ആക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് എട്ടിന് ഹാര്‍ദിക് ഹൈക്കോടതിയെ സമീപിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ നാലാണ്. കോണ്‍ഗ്രസ് അംഗത്വം എടുത്ത ഹാര്‍ദിക് തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ജാംനഗറില്‍ നിന്ന് മത്സരിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്.
4. അതിതാപത്തില്‍ സംസ്ഥാനം പൊള്ളുന്നു. ഇന്ന് മാത്രം കൊടുംചൂടില്‍ സൂര്യാതാപമേറ്റത് 67 പേര്‍ക്ക്. ആലപ്പുഴയില്‍ 119 പേര്‍ക്ക് പൊള്ളലേറ്റു. കോഴിക്കോട്ട് 18 പേര്‍ക്കും പത്തനംതിട്ട എറണാകുളം ജില്ലകളില്‍ എട്ടുപേര്‍ക്കും കൊല്ലത്ത് 11 പേര്‍ക്കും സൂര്യാതാപമേറ്റു. വയനാട് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും ഞായറാഴ്ച വരെ കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. നാല് ദിവസമായി 41 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുന്ന പാലക്കാട്ടെ താലനിലയില്‍ നേരിയ ശമനം.
5. 39 ഡിഗ്രിയാണ് ഇന്ന് പാലക്കാട് രേഖപ്പെടുത്തിയ താപനില. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ 35ന് മുകളിലാണ് താപനില. കടുത്ത ചൂട് രേഖപ്പെടുതാത്ത ഇടുക്കി ജില്ലയിലും ചൂട് കൂടുമെന്നും കാലാവസ്ഥ കേന്ദ്രം. ഏപ്രില്‍ നാലിന് ശേഷം വേനല്‍ മഴ ലഭിക്കാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏറ്റവും ചൂട് രേഖപ്പെടുത്തി ഇരിക്കുന്നത് പാലക്കാടും തൃശൂരിലും. 40.8, 39 ഡിഗ്രി സെല്‍ഷ്യസ് വീതം. തിരുവനന്തപുരം, എറണാകുളം,കോഴിക്കോട് ജില്ലകളില്‍ താപനില 35ന് മുകളില്‍.
6. തൊടുപുഴയില്‍ ഏഴ് വയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇയാള്‍ക്ക് എതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് അതിക്രൂരമായി മര്‍ദ്ദിച്ചത് ഇളയക്കുട്ടി കട്ടിലില്‍ മൂത്രം ഒഴിച്ചതിന്റെ പേരില്‍. കുട്ടിയെ ചവിട്ടി വീഴ്ത്തിയ ശേഷം ഇയാള്‍ വലിച്ചെറിയുക ആയിരുന്നു. അലമാരയ്ക്കിടയില്‍ പെട്ട് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു
7. കുട്ടിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റതായി പൊലീസ്. പതിവായി ഇയാള്‍ മര്‍ദ്ദിച്ചിരുന്നു എന്നും പുറത്ത് പറയാതിരുന്നത് ഭയന്നിട്ടെന്നും യുവതി. ഇവരെ കേസില്‍ പ്രതിചേര്‍ക്കുക കൂടുതല്‍ പരിശോധനയ്ക്ക് ശേഷം എന്നും പൊലീസ്. അരുണ്‍ ക്രിമിനല്‍ കേസ് പ്രതി എന്നും കണ്ടെത്തല്‍. തിരുവനന്തപുരത്ത് ഇയാള്‍ക്ക് എതിരെ ആറ് കേസുകള്‍. സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് അടക്കം കേസ്.
8. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഇടുക്കി ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം. കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആക്രമണത്തില്‍ തലയോട്ടി പൊട്ടിയ കുട്ടി കോലഞ്ചേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍. കുട്ടിയുടെ ദേഹം ആസകലം കാലങ്ങളായി മര്‍ദ്ദനം ഏറ്റതിന്റെ പാടുകള്‍ ആണെന്ന് ഡോക്ടര്‍മാര്‍. ശ്വാസകോശവും തകരാറില്‍. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു.
9. ഹൈബി ഈഡന് എം.എല്‍.എയ്ക്ക് എതിരായ മാനഭംഗ കേസില്‍ ഹൈക്കോടതി അമിക്കസ്‌ക്യൂരിയെ നിയമിച്ചു. അഭിഭാഷകയായ മിത സുധീന്ദ്രനെ ആണ് അമിക്കസ്‌ക്യൂരി ആയി നിയമിച്ചത്. കോടതി ഉത്തരവ്, അന്വേഷണം ഊര്‍ജിതം ആക്കണം എന്ന് പരാതിക്കാരിയുടെ ഹര്‍ജിയില്‍. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാന്‍ കോടതിയ്ക്ക് അധികാരം ഉണ്ടോ എന്ന് അമിക്കസ്‌ക്യൂരി പരിശോധിക്കണം എന്നും മെയ് 25ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി
10. നാഷണല്‍ ഹെറാള്‍ഡ് നികുതി കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ 23ലേക്ക് മാറ്റി. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ യംഗ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിലൂടെ ഉണ്ടായ നേട്ടം 2011-12 വര്‍ഷത്തെ നികുതി റിട്ടേണില്‍ കാണിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പിന്റെ വാദം. 100 കോടിയിലധികം രൂപയുടെ നേട്ടം ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടല്‍.
11. നാഷല്‍ ഹെറാള്‍ഡ് പത്രത്തിന്റെയും യംഗ് ഇന്ത്യ കമ്പനിയുടെയും ആദായ നികുതി ഫയലുകള്‍ വീണ്ടും പരിശോധിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ തീരുമാനത്തിന് എതിരെയാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. ആദായ നികുതി വകുപ്പിനെതിരെ ഗാന്ധി കുടുംബം നല്‍കിയ ഹര്‍ജികള്‍ നേരത്തെ ഡല്‍ഹി കോടതി തള്ളിയിരുന്നു.