കൊച്ചി: പ്രത്യക്ഷ നികുതി വരുമാനം കുത്തനെ ഇടിഞ്ഞതിന് പിന്നാലെ ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കുത്തനെ കൂടിയത് കേന്ദ്രസർക്കാരിന് തലവേദനയാകുന്നു. നടപ്പു സാമ്പത്തിക വർഷം ആകെ 12 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയിനത്തിൽ സമാഹരിക്കാനാണ് ബഡ്‌ജറ്രിൽ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, മാർച്ച് 23 വരെയുള്ള കണക്കുപ്രകാരം സമാഹരിക്കപ്പെട്ടത് 10.21 ലക്ഷം കോടി രൂപയാണ്. ബഡ്‌ജറ്രിൽ ലക്ഷ്യമിട്ടതിന്റെ 85.1 ശതമാനം മാത്രമാണിത്.
സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ശേഷിക്കുന്നത് രണ്ടുനാളാണ്. അതിനകം, നികുതി സമാഹരണം ഊർജ്ജിതമാക്കാനുള്ള നടപടികളെടുക്കാൻ നികുതി ഉദ്യോഗസ്ഥർക്ക് സെൻട്രൽ ബോർഡ് ഒഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 10.02 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതിയായി കേന്ദ്രം സമാഹരിച്ചത്. ഈവർഷത്തെ ബഡ്‌ജറ്രിൽ ആദ്യലക്ഷ്യം 11.50 ലക്ഷം കോടി രൂപയായിരുന്നെങ്കിലും പിന്നീടിത് 12 ലക്ഷം കോടി രൂപയാക്കുകയായിരുന്നു.
നടപ്പുവർഷം ധനക്കമ്മി ജി.ഡി.പിയുടെ 3.4 ശതമാനമായി നിയന്ത്രിക്കുകയെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യം കാണാൻ, പ്രത്യക്ഷ നികുതിവരുമാനവും ലക്ഷ്യം കാണേണ്ടതുണ്ട്. ജി.എസ്.ടി സമാഹരണം കുറയുന്നതും സർക്കാരിനെ വലയ്‌ക്കുന്നുണ്ട്. നടപ്പുവർഷം ജി.എസ്.ടിയായി 13.71 ലക്ഷം കോടി രൂപ സമാഹരിക്കുകയായിരുന്നു ആദ്യലക്ഷ്യം. പ്രതികരണം മോശമായതോടെ, പിന്നീട് ലക്ഷ്യം 11.47 ലക്ഷം കോടി രൂപയാക്കി ചുരുക്കി.
ധനക്കമ്മി 134%
കവിഞ്ഞു
നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ കേന്ദ്രസർക്കാരിന്റെ ധനക്കമ്മി 8.51 ലക്ഷം കോടി രൂപയിലെത്തി. നടപ്പുവർഷത്തേക്കായി ബഡ്‌ജറ്രിൽ വിലയിരുത്തിയ മൊത്തം ധനക്കമ്മിയുടെ 134.2 ശതമാനമാണിത്. നികുതിവരുമാനം ഊർജ്ജിതമായാൽ മാത്രമേ ധനക്കമ്മി ജി.ഡി.പിയുടെ 3.4 ശതമാനമായി നിയന്ത്രിക്കാൻ ഈവർഷം സർക്കാരിന് കഴിയൂ.
പരിധിവിട്ട് കറന്റ്
അക്കൗണ്ട് കമ്മി
നടപ്പു സാമ്പത്തിക വർഷത്തെ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ 2.5 ശതമാനമായി (1,690 കോടി ഡോളർ) ഉയർന്നു. വ്യാപാരക്കമ്മി 4,400 കോടി ഡോളറിൽ നിന്ന് 4,950 കോടി ഡോളറിലെത്തിയതാണ് തിരിച്ചടിയായത്. വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമായ കറന്റ് അക്കൗണ്ട് കമ്മി 2017-18ലെ സമാനപാദത്തിൽ 2.1 ശതമാനമായിരുന്നു.