pr

പാട്ന: പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കില്ലെന്ന് ജെ.ഡി.യു ഉപാദ്ധ്യക്ഷനും പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഈ തുടക്കകാലത്ത് കാര്യങ്ങൾ പഠിക്കുകയും സഹകരിക്കുകയുമാണ് തന്റെ ചുമതലയെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. മുതിർന്ന നേതാവ് ആർ.സി.പി. സിംഗിനായിരിക്കും പാർട്ടിയുടെ പ്രചാരണ ചുമതല. ഇക്കഴിഞ്ഞ സെപ്തംബറിലാണ് പ്രശാന്ത് ജെ.ഡി.യുവിന്റെ ഉപാദ്ധ്യക്ഷ പദവിയിലേക്കെത്തിയത്. അതേസമയം, പ്രശാന്ത് പ്രചാരണ ചുമതല ഏറ്റെടുക്കാത്തതിന് പിന്നിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അനിഷ്ടമാണെന്നാണ് സൂചന.

2014ൽ മോദി സർക്കാരിനെയും 2015ൽ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനെയും അധികാരത്തിലെത്തിച്ചത് പ്രശാന്തിന്റെ തന്ത്രങ്ങളായിരുന്നു.

ഇപ്പോൾ ആന്ധ്രപ്രദേശിൽ വൈ.എസ്.ആർ നേതാവ് ജഗൻമോഹൻ റെഡ്ഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പമുള്ള പ്രശാന്ത്, അതിനുശേഷം ശിവസേനയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.