കൊല്ലം: ഓച്ചിറയിൽ നിന്ന് രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി ഓച്ചിറ കന്നിട്ട പ്രേം നിവാസിൽ മുഹമ്മദ് റോഷനെ (19) ജില്ലാ സ്പെഷ്യൽ പോക്സോ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
മുഹമ്മദ് റോഷനെ കസ്റ്റഡിയിൽ വാങ്ങി പീഡനം നടന്ന മുംബയ് പൻവേലിന് സമീപത്തെ വാടക മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രായത്തിൽ വ്യക്തത വരുത്താനായി പെൺകുട്ടിയുടെ ജന്മനാടായ രാജസ്ഥാനിലേക്ക് ഇന്ന് പുറപ്പെടും.
ദേശീയപാതയോരത്ത് മൺപ്രതിമകൾ നിർമ്മിച്ചു വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ മൂത്തമകളെ ഈമാസം 18 ന് രാത്രി പത്തരയോടെയാണ് മുഹമ്മദ് റോഷന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വാടക വീട്ടിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയത്. എതിർക്കാൻ ശ്രമിച്ച തന്നെ മർദ്ദിച്ചതായി പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു. സുഹൃത്തിനെത്തിയ ഫോൺ കാളിലൂടെയാണ് മുഹമ്മദ് റോഷനും പെൺകുട്ടിയും മുംബയ് പൻവേലിന് സമീപത്തുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് അന്വേഷണ സംഘം അവിടെപ്പോയി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തങ്ങൾ ഇരുവരും പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാനായി നാടുവിട്ടതാണെന്നുമാണ് പെൺകുട്ടിയും മുഹമ്മദ് റോഷനും പൊലീസിനോട് പറഞ്ഞത്. രക്ഷാകർത്താക്കൾ നൽകിയ രേഖകൾ പ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാലാണ് പോക്സോ കേസ് ചുമത്തിയത്.
രക്ഷാകർത്താക്കൾക്കൊപ്പം പോകേണ്ടെന്ന് പെൺകുട്ടി
രക്ഷാകർത്താക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്നാണ് മൊഴിയെടുത്തപ്പോൾ പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. രഹസ്യമൊഴി രേഖപ്പെടുത്താൻ വനിതാ മജിസ്ട്രേട്ടിന് മുന്നിൽ എത്തിച്ചപ്പോഴും പെൺകുട്ടി ഇക്കാര്യം ആവർത്തിച്ചതായാണ് സൂചന. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിലുള്ള കരിക്കോട്ടെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.