തിരുവനന്തപുരം: തിരുവവനന്തപുരം ലോക്‌സഭ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ ട്വിറ്ററിൽ കുറിച്ച് വാക്കുകൾ വിവാദമാകുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യ മാർക്കറ്റ് സന്ദർശിച്ചതിന് ശേഷമാണ് ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്. ‘ഓക്കാനം വരുംവിധം വെജിറ്റേറിയൻ ആയ എം.പിയായിട്ടും മത്സ്യമാർക്കറ്റിൽ നല്ല രസമായിരുന്നു’ എന്നർത്ഥം വരുന്ന ട്വീറ്റാണ് അദ്ദേഹം കുറിച്ചത്.
എന്നാൽ അദ്ദേഹത്തിന്റെ ട്വീറ്റിനെതിരെ നിരവധി ആളുകളാണ് രംഗത്ത് വരുന്നത്. ഓക്കാനം എന്നർത്ഥം വരുന്ന ‘squeamishly’ എന്ന വാക്ക് പ്രയോഗിച്ചതിനാലാണ് അദ്ദേഹത്തിനെതിരെ വിമർശനം ഉയരുന്നത്. മീനിന്റെ മണം ഒാക്കാനമുണ്ടാക്കത്ത വിധം വരേണ്യ വർഗത്തിന്റെ പ്രതിനിധിയാണ് എന്ന് വിളിച്ച് പറയുകയാണ് ചെയ്തതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ് പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.
മേൽജാതി ബോധത്തോടെ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. 'കടലിന്റെ മക്കൾ, കേരളത്തിന്റെ സൈന്യം പ്രളയ കാലത്ത് ആയിരക്കണക്കിന് ജീവൻ രക്ഷിച്ചവർ അന്നൊന്നും അവരുടെ മീൻ നാറ്റത്തിൽ ആർക്കും ഓക്കാനം വന്നില്ല അവർ ദൈവദൂതരായിരുന്നു. കടലിന്റെ, കരയുടെ മക്കൾ'. മത്സ്യത്തൊഴിലാളികൾ പ്രളയകാലത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ പങ്കുവച്ച് സി.പി.എം ഫേസ്ബുക്കിൽ കുറിച്ചു.
Found a lot of enthusiasm at the fish market, even for a squeamishly vegetarian MP! pic.twitter.com/QspH08if8Q
— Shashi Tharoor (@ShashiTharoor) March 27, 2019