ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാരിനെതിരെ കെെകോർത്ത് രാജ്യത്തിലെ സിനിമ മേഖലയിലെ പ്രവർത്തകർ. വീണ്ടും ബി.ജെ.പി അധികാരത്തിൽ എത്താതിരിക്കാൻ നൂറോളം സിനിമ പ്രവർത്തകരാണ് ഒന്നിക്കുന്നത്. ആർട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യയുടെ വെബ്ബ് സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് ഇവർ രംഗത്തെത്തിയത്.
103 സിനിമ പ്രവർത്തകരുടെ പേരുകൾ പ്രസ്താവനയോടൊപ്പം പറയുന്നുണ്ട്. രാജ്യം ഏറ്റവും കഠിനമായ പരീക്ഷ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും വ്യത്യാസങ്ങളുള്ളപ്പോഴും രാജ്യമെന്ന നിലയിൽ എന്നും ഒറ്റക്കെട്ടാണ് നമ്മൾ. ഈ രാജ്യത്തെ പൗരനെന്ന നിലയിൽ എന്നും നാം അഭിമാനിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഇതെല്ലാം ആശങ്കയിലാണ്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബുദ്ധിപരമായി വേണം നാം തീരുമാനമെടുക്കാൻ. ഫാസിസം അതിന്റെ സർവ്വശക്തിയുമെടുത്ത് പ്രഹരിക്കാൻ ഒരുങ്ങി നിൽക്കുകയാണ്” പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഇന്ത്യാ രാജ്യത്തിന്റെ സംസ്‌കാരത്തേയും ശാസ്ത്ര സ്ഥാപനങ്ങളേയും ബി.ജെ.പി സർക്കാർ തകർക്കുകയാണെന്നും ഇതിനാലാണ് ഇത്തരത്തിലൊരു അഭ്യർത്ഥന നടത്തുന്നതെന്നും അവർ വിശദമാക്കുന്നു. ജനാധിപത്യത്തെ രക്ഷിക്കുക എന്ന തലക്കെട്ടോടെയാണ് പ്രസ്താവന ഉയർത്തിക്കാട്ടുന്നു.ബി.ജെ.പി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിക്കുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കും, രാജ്യത്തിന്റെ ഭരണഘടനയെ ആദരിക്കുന്ന സർക്കാരിനെയാണ് തിരഞ്ഞെടുക്കേണ്ട്. പ്രസ്താവനയിൽ പറയുന്നു. ഇത് നമ്മുടെ അവസാന അവസരമാണെന്നും അവർ കൂട്ടിച്ചേർത്തു.
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സൺ ബീനാ പോൾ,ആനന്ദ് പദ്‌വർധൻ, സനൽകുമാർ ശശിധരൻ, ആഷിഖ് അബു, മധുപാൽ, വെട്രിമാരൻ, ഷരീഫ് ഈസ,വേണു,അനീസ് കെ മാപ്പിള, അനുപമ ബോസ്, ദിവ്യ ഭാരതി, കെ.എം കമൽ, ലീല മണിമേഖല, പ്രേംചന്ദ്, രാജീവ് രവി,സണ്ണി ജോസഫ്,സുദേവൻ, ലീല സന്തോഷ്, മുഹ്‌സിൻ പെരാരി, പ്രിയനന്ദൻ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പു വെച്ചിരിക്കുന്നത്.