ഫ്രഞ്ച് നവതരംഗ സിനിമയുടെ പ്രധാന വക്താക്കളിൽ ഒരാളായിരുന്ന ആഗ്‌നസ് വാർദ അന്തരിച്ചു. 90 വയസായിരുന്നു. ഏറെ നാളായി കാൻസർ രോഗബാധിതയായിരുന്നു. 1960 കളിൽ ഫ്രഞ്ച് നവധാരാസിനിമകളിലെ സജീവസാന്നിധ്യമായിരുന്നു ബെൽജിയൻ സ്വദേശിനിയായ വാർദ.
‘ക്ലീയോ ഫ്രം 5 ടു 7’, ‘വാഗാബോണ്ട്’, ‘ഹാപ്പിനസ്’, ‘ലെ ബോൺഹർ’, ‘ദ ക്രിയേച്ചർ’ എന്നിങ്ങനെ ശ്രദ്ധേയമായ നിരവധിയേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത വാർദയ്ക്ക് ഒാണററി ഓസ്കാർ പുരസ്കാരവും ലഭിച്ചിരുന്നു. ലോകസിനിമയ്‌ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് 2017 ൽ ഓസ്കാർ ഓണററി പുരസ്‌കാരം വർദയെ തേടിയെത്തിയത്. ഈ പുരസ്കാരം സ്വന്തമാക്കുന്ന ഏക വനിത കൂടിയാണ് ആഗ്നസ് വാർദ.
ഇരുപത്തിമൂന്നിലേറെ സിനിമകൾ സംവിധാന ചെയ്ത വാർദയുടെ അവസാനചിത്രം 2017 ൽ പുറത്തിറങ്ങിയ ‘ഫേയ്സസ് പ്ലയ്സസ്’ എന്ന ഡോക്യുമെന്ററി ആയിരുന്നു. അതേ വർഷം കാൻ ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലും ‘ഫേയ്സസ് പ്ലയ്സസ്’ പ്രദർശിപ്പിച്ചിരുന്നു.
വാർദയുടെ ഓട്ടോബയോഗ്രഫിക്കൽ ഡോക്യുമെന്ററി ആയ ‘വാർദ ബൈ ആഗ്നസ്’ കഴിഞ്ഞ മാസം ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. സംവിധാനത്തിനു പുറമെ ഫോട്ടോഗ്രാഫിയിലും തിരക്കഥാ രചനയിലും മികവു പ്രകടിപ്പിച്ച വാർദ അഭിനേത്രിയായും വിഷ്വൽ ആർട്ടിസ്റ്റുമായും പ്രവർത്തിച്ചിരുന്നു.