ലണ്ടൻ: സൂപ്പർ സ്ട്രൈക്കർ ഗോൺസ്വോലോ ഹിഗ്വയിൻ അർജന്റീനൻ ജേഴ്സി അഴിച്ചു. അർജന്റീനൻ ദേശീയ ടീമിൽ നിന്ന് താൻ വിരമിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് മുപ്പത്തൊന്ന് കാരനായ ഹിഗ്വയിൻ അറിയിച്ചത്. ക്ലബ് ഫുട്ബാളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനുമായാണ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുന്നതെന്ന് ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ താരമായ ഹിഗ്വെയിൻ വിടവാങ്ങൽ സന്ദേശത്തിൽ അറിയിച്ചു. ഫ്രാൻസിലാണ് ജനിച്ചതെങ്കിലും അർജന്റീനയ്ക്കായി കളിക്കാനാണ് ഹിഗ്വയിൻ ഇഷ്ടപ്പെട്ടത്.2009മുതൽ അർജന്റീനയ്ക്കായി കളിച്ച ഹിഗ്വയിൻ 75 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ രാജ്യാന്തരതലത്തിൽ നേടി. 2014ലെ ലോകകപ്പിൽ ജർമ്മനിക്കെതിരായ ഫൈനലിൽ സുവർണാവസരം നഷ്ടമാക്കിയതിന് ഹിഗ്വയിൻ ഏറെ പഴികേട്ടിരുന്നു.