ഐ.പി.എല്ലിൽ രാജസ്ഥാനെ ഹൈദരാബാദ് തോൽപ്പിച്ചു,
സഞ്ജു സാംസൺ ഈ സീസണിലെ ആദ്യ സെഞ്ച്വറി നേടുന്ന താരം
ജയ്പൂർ: ഐ.പി.എൽ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തം പേരിൽ എഴുതിച്ചേർത്ത് മലയാളിതാരം സഞ്ജു സാംസൺ പൊരുതി നോക്കിയിട്ടും ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 5 വിക്കറ്റിന്റെ തോൽവി.
ആദ്യം ബാറ്ര് ചെയ്ത രാജസ്ഥാൻ സഞ്ജു സാംസണിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ (പുറത്താകാതെ 55 പന്തിൽ 102) നിശ്ചിത ഇരുപതോവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഹൈദരാബാദ് 19 ഓവറിൽ 5 വിക്കറ്ര് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (201/5).
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്ടൻ അജിങ്ക്യ രഹാനെ ബാറ്രിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് വീരൻ ജോസ് ബട്ട്‌ലറെ (5) ക്ലീൻബൗൾഡാക്കി റാഷിദ് ഖാൻ ഹൈദരാബാദിന് പ്രതീക്ഷ നൽകിയെങ്കിലും പകരം സഞ്ജു ക്രീസിലെത്തിയതോടെ രാജസ്ഥാൻ പിടിമുറുക്കുകയായിരുന്നു. രഹാനെയ്ക്കൊപ്പം (49 പന്തിൽ70) 119 റൺസിന്റെ കൂട്ടുകെട്ട് മൂന്നാം വിക്കറ്രിലുണ്ടാക്കി സഞ്ജു രാജസ്ഥാനെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു. നദീമിന്റെ പന്തിൽ പാണ്ഡേയ്ക്ക് ക്യാച്ച് നൽകി 16-ാം ഓവറിൽ മടങ്ങിയെങ്കിലും പിന്നീടെത്തിയ സ്റ്രോക്സിനൊപ്പം (പുറത്താകതെ 9 പന്തിൽ 16) സഞ്ജു രാജസ്ഥാൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. 185.45 സ്ട്രൈക്ക് റേറ്രിൽ 10 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 4 ഓവറിൽ 55 റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദ് നിരയിൽ ഏറ്രവും തല്ല് വാങ്ങിയത്. റാഷിദ് ഖാനും നദീമും ഒരു വിക്കറ്റ് വീതം വീഴ്ത്തി.
രാജസ്ഥാനുയർത്തിയ ഭേദപ്പെട്ട വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് ഡേവിഡ് വാർണറും (37 പന്തിൽ 67), ജോണി ബെയർസ്റ്രോയും (28 പന്തിൽ 45) ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്.ഇരുവരും ഒന്നാം വിക്കറ്രിൽ 9.4 ഓവറിൽ 110 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ഹൈദരാബാദിന്റെ ഇന്നിംഗ്സിന് അടിത്തറയിടുകയായിരുന്നു. ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ സ്റ്രോക്സും ശ്രേയസ് ഗോപാലും കുൽക്കർണിയുടെ കൈകളിൽ എത്തിച്ച് മടക്കിയെങ്കിലും
നാലാമനായെത്തിയ വിജയ് ശങ്കർ 15 പന്തിൽ 3 ഫോറും 1 സിക്സും ഉൾപ്പെടെ 35 റൺസ് നേടി ഹൈദരാബാദിന്റെ ചേസിംഗ് സുരക്ഷിതമാക്കി. യൂസുഫ് പത്താനും (12 പന്തിൽ 16), റാഷിദ് ഖാനും (8 പന്തൽ 15) പുറത്താകാതെ നിന്നു. ശ്രേയസ് ഗോപാ. രാജസ്ഥാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
സെഞ്ച്വറി നേടിനായതിൽ ഏറെ സന്തോഷം. ടൂർണമെന്റ് തുടങ്ങിയിട്ടേയുള്ളൂ. ടീമിന്റെ ആവശ്യത്തിനനുസരിച്ച് എങ്ങനെയും ബാറ്ര് ചെയ്യാൻ തയ്യാറാണ്. തുടക്കത്തിൽ സ്ലോ ആയിരുന്നെങ്കിലും പിന്നീട് പിച്ച് ബാറ്റിംഗിന് അനുകൂലമായി.
സഞ്ജു