തിരുവനന്തപുരം:ആലത്തൂർ ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. പ്രചാരണത്തെ സംബന്ധിച്ച് പോസ്റ്റ് ചെയ്ത അനിൽ അക്കരയെ വിമർശിച്ച് എഴുത്തുകാരി ദീപ നിശാന്ത് രംഗത്തെത്തിയിരുന്നു.
സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്. എന്നായിരുന്നു ദീപ നിശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. തുടർന്ന് ഇത് കോൺഗ്രസുകാർ രാഷ്ട്രീയ ആയുധമാക്കുകയും പരാമർശം സോഷ്യൽ മീഡിയയിൽ വിവാദമാകുകയും ചെയ്തിരുന്നു.
ഇപ്പോൾ രമ്യ ഹരിദാസിന്റെ പോസ്റ്ററിന്റെ മുകളിൽ സി.പി.എം പാർട്ടി ചിഹ്നം പതിച്ച ചിത്രം പങ്കുവച്ചാണ് കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിൽ രംഗത്തെത്തിയിരിക്കുകയാണ്. 'Star Singer ആവാൻ മത്സരിക്കുന്ന ആ കുട്ടീടെ മുഖത്ത് എന്തിനാ ഇന്ത്യൻ പ്രധാനമന്ത്രി ആവാൻ മത്സരിക്കുന്ന ഇങ്ങടെ ഗൗരവമുള്ള ചിഹ്നം ഒട്ടിച്ചതെന്ന് അങ്ങട് ചോയിക്ക് ന്റെ ടീച്ചറേ ... പാട്ട് പാടാൻ മാത്രല്ല പോസ്റ്ററൊട്ടിക്കാനും പാടില്ലാല്ലേ'. ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.