election-

2014ൽ മോദി പ്രഭാവത്തിലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. എന്നാൽ നരേന്ദ്ര മോദി സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ പഴയ കാലാവസ്ഥയല്ല ബി.ജെ.പി ഇന്ന് നേരിടുന്നത്. അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയോടെ ബി.ജെ.പി തങ്ങളുടെ ലക്ഷ്യം ദക്ഷിണേന്ത്യയിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്,​ എന്നാൽ ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്കും മോദിക്കും സ്വീകാര്യതയില്ലെന്നാണ് ഇന്ത്യാ ടുഡേ- പി.എസ്.ഇ സർവേ നൽകുന്ന സൂചന.

ഉത്തരേന്ത്യയിൽ ഗുജറാത്തും ഉത്തർപ്രദേശും ഉൾപ്പെടെ ഇത്തവണ ബി.ജെ.പിക്ക് കൈവിട്ട കളിയാണ്. രാജസ്ഥാനിലും ഛത്തിസ് ഗഢിലും അതു കണ്ടതാണ്. ഹിന്ദി ഹൃദയ ഭൂമിയടക്കം മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ് കോൺഗ്രസ് ബി.ജെ.പിയെ പുറത്താക്കിയത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കാര്യങ്ങൾ പന്തിയല്ല. ദേശീയ പൗരത്വ ബില്ലിൽ തട്ടി സഖ്യകക്ഷികളും പിണങ്ങിനിൽക്കുന്ന അവസ്ഥയാണ്. പൊട്ടലും ചീറ്റലും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബി.ജെ.പി ഏറ്റവും കൂടുതൽ കണ്ണുവെയ്ക്കുന്നത് ദക്ഷിണേന്ത്യൻ മേഖലയിലാണ്. ഇവിടെ നിന്ന് പരമാവധി സീറ്റുകളാണ് ബി.ജെ.പിയുടെ സ്വപ്നം.

എന്നാൽ ബി.ജെ.പി വിചാരിക്കുന്നതുപോലെയല്ല ദക്ഷിണേന്ത്യയിലെ കാര്യങ്ങളെന്നാണ് ഇന്ത്യാ ടുഡേ സർവേഫലം തെളിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും എം.പിമാരുടേയും സ്വീകാര്യതയാണ് സർവേയിൽ പരിശോധിച്ചത്. ഉത്തരേന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ദക്ഷിണേന്ത്യയിൽ മോദി ഒട്ടും സ്വീകാര്യനല്ലെന്ന് സർവേ സൂചിപ്പിക്കുന്നു.

മോദിക്ക് ഏറ്റവും കൂടുതൽ സ്വീകാര്യത നൽകിയ സംസ്ഥാനം സിക്കിമാണ്. 73 ശതമാനം പേരാണ് മോദിയെ അനുകൂലിച്ചത്. കേരളമാണ് മോദിക്ക് ഏറ്റവും കുറവ് സ്കോർ നൽകിയത്. സർവേയിൽ പങ്കെടുത്ത 72 ശതമാനം പേരും മോദി സ്വീകാര്യനല്ലെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ സംസ്ഥാനത്തെ എം.പിമാരുടെ കാര്യത്തിൽ 53 ശതമാനം പേർ തൃപ്തി അറിയിച്ചു.

അതേസമയം കേരളത്തിന്റെ അതേമാതൃകയിലാണ് തമിഴ്നാട്ടിലെ സർവേഫലങ്ങളും. തമിഴ്നാട്ടിൽ 68 ശതമാനം പേരാണ് മോദി സ്വീകാര്യനല്ലെന്ന് അഭിപ്രായപ്പെട്ടത്. ഇവിടെ നിലവിലെ എം.പിമാരിൽ 76 ശതമാനം പേരും അതൃപ്തരാണ്. ഇത്തവണ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി ചേർന്നാണ് ബി.ജെ.പിയുമായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ആന്ധ്രയിലും സമാനമാണ് കാര്യങ്ങൾ. മോദി സ്വീകാര്യനെന്ന് 50 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ബാക്കിയുള്ള 50 ശതമാനം അതൃപ്തി രേഖപ്പെടുത്തി. തെലുങ്കാനയിൽ 51 ശതമാനം പേരാണ് മോദി സ്വീകാര്യനല്ലെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം ഇവിടെ സിറ്റിംഗ് എം.പിമാർക്ക് 66 ശതമാനം പേരാണ് ഫുൾമാർക്ക് നൽകിയത്. ടി.ആർ.എസ് ആണ് ഇവിടെ ഭരിക്കുന്നത്.

ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് അനുകൂലമായ സംസ്ഥാനം കർണാടകയാണ്. 62 ശതമാനം പേരാണ് മോദിക്ക് ഫുൾമാർക്ക് നല്‍കിയത്. ഇവിടെ 55 ശതമാനം പേർ എംപിമാരിൽ തൃപ്തി രേഖപ്പെടുത്തി. ബി.ജെ.പിക്ക് 17 എം.പിമാരാണ് ഇവിടെ ഉള്ളത്.

അതേസമയം ഉത്തരേന്ത്യയിൽ മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്നാണ് സർവേ ഫലങ്ങൾ. യു.പിയിൽ ബി.ജെ.പി എം.പിമാരിൽ 62 ശതമാനം പേരാണ് അതൃപ്തി അറിയിച്ചത്. ഇവിടെ ബി.ജെ.പിക്ക് 71 എം.പിമാരാണ് ഉള്ളത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും സിറ്റിങ്ങ് എം.പിമാരിൽ അതൃപ്തി അറിയിച്ചവരുടെ ശതമാനം ഉയർന്നുനിൽക്കുന്നു.

.

എന്നാൽ ഇവിടങ്ങളിൽ നരേന്ദ്ര മോദിയുടെ പ്രഭാവത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. യു.പിയിൽ 63 ശതമാനം പേരാണ് മോദി സ്വീകാര്യനാണെന്ന് അഭിപ്രായപ്പെട്ടത്. ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 58 ശതമാനം പേരും മോദിയെ പിന്തുണച്ച് രംഗത്തെത്തി.