തിരുവനന്തപുരം: വേനൽ കടുക്കുന്ന സാഹചര്യത്തിൽ നഗരത്തിലെങ്ങും കുടിവെള്ളക്ഷാമം രൂക്ഷമാകാൻ ഇടയുള്ളതിനാൽ കുടിവെള്ളം മലിനമാക്കുന്നവരെയും ദുരുപയോഗം ചെയ്യുന്നവരെയും പിടിക്കാനൊരുങ്ങി വാട്ടർ അതോറിട്ടി പരിശോധന ആരംഭിച്ചു. അടുത്തിടെ മഴയുണ്ടാകില്ലെന്നുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കൂടി എത്തിയതോടെ നിലവിലുള്ള വെള്ളം സംഭരിച്ച് വേനൽക്കാലത്തെ അതിജീവിക്കാനുള്ള നെട്ടോട്ടത്തിലാണ് വാട്ടർ അതോറിട്ടി അധികൃതർ. ഇതിനായി ഓരോ സെക്ഷൻ ഓഫീസിന് കീഴിലും ആന്റി വാട്ടർ തെഫ്റ്റ് സ്ക്വാഡ് സജ്ജമാക്കിയിട്ടുണ്ട്. ഒരു അസിസ്റ്റന്റ് എൻജിനിയർ, ഒരു ഓവർസിയർ, രണ്ട് ഹെൽപ്പർ എന്ന നിലയിൽ നാലു പേർ സദാസമയവും മഫ്തിയിൽ പരിശോധന നടത്തിക്കൊണ്ടിരിക്കും.
പുതിയ കണക്ഷനുകൾ തത്കാലം ഇല്ല
വാട്ടർ അതോറിട്ടിയുടെ മുന്നറിയിപ്പുകൾ
വെള്ളത്തിൽ കളിവേണ്ട; കേസെടുക്കും
വെള്ളം ദുരുപയോഗം ചെയ്യുകയോ മലിനമാക്കുകയോ മോഷ്ടിക്കുകയോ ചെയ്താൽ കുറ്റക്കാർക്കെതിരെ വാട്ടർ അതോറിട്ടി അധികൃതരുടെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുക്കും. വൻ തുക പിഴയായി അടയ്ക്കേണ്ടി വരും. ഒപ്പം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
വേനലിൽ ഉപയോഗം കൂടും. എന്നാൽ ഇത് പരമാവധി കുറയ്ക്കാനുള്ള ശ്രമമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. നാലുപേരുള്ള ഒരു കുടുംബത്തിന് പരമാവധി 20 കിലോ ലിറ്റർ വെള്ളം മതിയാകും. പെട്രോൾ സൂക്ഷിച്ച് ചെലവഴിക്കും പോലെ വെള്ളവും മിതമായി ഉപയോഗിച്ചാൽ വേനൽ സുഖമായി കടക്കാം. സുരേഷ് ചന്ദ്രൻ( സൂപ്രണ്ടിംഗ് എൻജിനിയർ, വാട്ടർ അതോറിട്ടി)
മുട്ടത്തറയിൽ പ്ളാന്റുണ്ട്; ആവശ്യത്തിന് വെള്ളംകൊണ്ടുപോകാം!
നഗരത്തിലെ വെള്ളപ്രശ്നം രൂക്ഷമായ പശ്ചാത്തലത്തിൽ മുട്ടത്തറ സ്വിവറേജ് പ്ലാന്റിൽ നിന്ന് സംസ്കരിച്ച് പുറത്തുവിടുന്ന വെള്ളം നഗരവാസികൾക്ക് സൗജന്യമായി ശേഖരിക്കാം. എത്രവേണമെങ്കിലും വെള്ളം ഇവിടെ നിന്നെടുക്കാം. ഗാർഹികേതര ഉപയോഗങ്ങൾക്കും ചെടി നനയ്ക്കുന്നതിനും നിർമാണാവശ്യങ്ങൾക്കും വാണിജ്യാവശ്യങ്ങൾക്കും ഈ വെള്ളം ഉപയോഗിക്കാമെന്ന് വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനിയർ സുരേഷ് ചന്ദ്രൻ പറയുന്നു. പ്ലാന്റിലെത്തുന്ന വെള്ളം ശുദ്ധീകരിച്ച് ബാക്ടീരിയോളജിക്കൽ ട്രീറ്റ്മെന്റിനുശേഷം ക്ലോറിനേറ്റ് ചെയ്താണ് പുറത്തുവിടുന്നത്. ദിവസം 40 ദശലക്ഷം ലിറ്റർ വെള്ളം ഇവിടെ ശുദ്ധീകരിക്കുന്നുണ്ട്.
രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഇവിടെ നിന്ന് വെള്ളം ശേഖരിക്കാൻ കഴിയുക. എന്നാൽ, ഈ വെള്ളം കുടിക്കാനോ കുളിക്കാനോ പാത്രങ്ങൾ കഴുകാനോ ഭക്ഷണം പാകം ചെയ്യാനോ ഉപയോഗിക്കരുതെന്ന് അധികൃതർ പറയുന്നു. തലസ്ഥാന നഗരസഭാ പരിധിയിലെ സ്വിവറേജ് പമ്പിംഗ് സ്റ്റേഷനുകളിൽ നിന്ന് പമ്പ് ചെയ്യുന്ന കക്കൂസ് മാലിന്യങ്ങൾ രാസവസ്തുക്കളും എണ്ണമയവും നീക്കി ഇവിടെ ശുദ്ധീകരിക്കും. ദിവസം 40 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് ഇപ്പോൾ പ്ലാന്റിൽ നിന്ന് പാർവതി പുത്തനാറിലേക്ക് ഒഴുക്കിക്കളയുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയതും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് നൂറ് ഏക്കറിലാണ്.
കൺട്രോൾ റൂം സംവിധാനം
ജലചൂഷണം തടയുന്നതിന് കൺട്രോൾ റൂം സംവിധാനവും ഹെൽപ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തും .ദുരുപയോഗവും തടയാൻ സബ്ഡിവിഷൻ തലത്തിൽ പ്രത്യേക സംഘമുണ്ടാകും. ജലമോഷണമോ, ദുരുപയോഗമോ, ചോർച്ചയോ കണ്ടാൽ പരാതിപ്പെടാൻ 1800 42 55313 എന്ന ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തി. 9495998258 എന്ന വാട്സ് ആപ്പ് നമ്പരിലും ഫോട്ടോ സഹിതം പരാതികൾ അറിയിക്കാം.