തിരുവനന്തപുരം: അടിക്കടി ഗുണ്ടാ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും കൊലപാതകങ്ങളുമുണ്ടാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റ് അഴിച്ചുപണിയുന്നു. സജീവമല്ലെന്ന് കണ്ട് ഒഴിവാക്കിയവരെയും പുതുതായി മുളച്ചുപൊന്തിയ സംഘങ്ങളെയും ഉൾപ്പെടുത്തി പുതിയ ലിസ്റ്റുണ്ടാക്കുകയാണ് പൊലീസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഷാഡോ സംഘത്തിന്റെയും സഹായത്തോടെയാണ് പുതിയ പട്ടികയുണ്ടാക്കുന്നത്. നിലവിലെ ഇരുനൂറ് പേരുടെ പട്ടികയിൽ 50 പേരെയെങ്കിലും പുതുതായി കൂട്ടിച്ചേർക്കേണ്ടി വരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ 'സിറ്റികൗമുദി"യോട് പറഞ്ഞു.
ഗുണ്ടാ, ക്വട്ടേഷൻ പ്രവർത്തനം, മയക്കുമരുന്ന് വില്പന, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ എന്നിവ ചെയ്യുന്ന ഇരുനൂറോളം ക്രിമിനലുകളുടെ പട്ടികയാണ് പൊലീസിന്റെ പക്കലുള്ളത്. വർഷങ്ങളായുള്ള 266 പേരുടെ തട്ടിക്കൂട്ട് പട്ടികയിൽ നിന്ന് മരിച്ചവരെയും വൃദ്ധരെയും ഒഴിവാക്കി 200 പേരുടെ ലിസ്റ്റ് നേരത്തേ തയ്യാറാക്കിയിരുന്നു. പഴയകാല ഗുണ്ടകളിൽ വലിയൊരു വിഭാഗം ഗുണ്ടാപ്രവർത്തനം നിറുത്തി മയക്കുമരുന്ന് കടത്തിലേക്കും വില്പനയിലേക്കും തിരിഞ്ഞിരിക്കുകയാണ്. ഗുണ്ടാപ്രവർത്തനം ഇല്ലാത്തതിനാൽ ഇവരിൽ ചിലരെ പട്ടികയിൽ നിന്നൊഴിവാക്കിയിരുന്നു. ഇവരെല്ലാം അടുത്തിടെ വീണ്ടും തലപൊക്കിയിട്ടുണ്ട്.
നഗരത്തിലെ കുപ്രസിദ്ധരായ ഗുണ്ടകൾ മിക്കവരും ജയിലിലാണെങ്കിലും ചെറുഗ്രൂപ്പുകൾ രൂപപ്പെടുന്നുമുണ്ട്. ജയിലിൽ നിന്നിറങ്ങി വീണ്ടും ഗുണ്ടാപ്രവർത്തനം നടത്തുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് ഗുണ്ടാപട്ടിക അഴിച്ചുപണിയുന്നത് . രണ്ടുപതിറ്റാണ്ടിലേറെയായി ഗുണ്ടാപ്രവർത്തനത്തിലുള്ള മുഴുവനാളുകളുടെയും കണക്ക് രഹസ്യാന്വേഷണ വിഭാഗവും ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയും ശേഖരിച്ച് ഗുണ്ടാവിരുദ്ധ സ്ക്വാഡിന് കൈമാറും. ഗുണ്ടകളുടെ പ്രവർത്തനരീതി, താവളം, സംരക്ഷിക്കുന്നവർ, തടവിൽ കഴിയുന്ന ഗുണ്ടകൾ തുടങ്ങിയ വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കും.
ക്രൈം റെക്കാഡ്സ് ബ്യൂറോ വഴി ഗുണ്ടാകേസുകളുടെ വിവരങ്ങൾ ശേഖരിച്ച് അവരെ നിരീക്ഷിക്കും. പിടികൂടി അകത്താക്കുകയും ചെയ്യും. ഗുണ്ടാപ്രവർത്തനം നടത്തുന്നവർക്കെതിരേ എത്ര വാറണ്ടുകളുണ്ട്, കേസുകൾ ഏതുഘട്ടത്തിലാണ്, സാമ്പത്തികസ്ഥിതി എന്താണ്, നിലവിലെ പ്രവർത്തനം, പാസ്പോർട്ട്-ആധാർ വിവരങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, വ്യാജപാസ്പോർട്ടുകളും മൊബൈൽ നമ്പരുകളുമുണ്ടോ എന്നിവയെല്ലാം രഹസ്യാന്വേഷണവിഭാഗത്തിന്റെ സഹായത്തോടെ ഗുണ്ടാവിരുദ്ധ സ്ക്വാഡ് കണ്ടെത്തും. ഈ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം കാണാനാവുന്ന ഡിജിറ്റൽ ഡാറ്റാബേസിൽ ഉൾപ്പെടുത്തും.
മണൽ, സ്പിരിറ്റ്, മയക്കുമരുന്ന് കടത്തുകാരെയും ഭൂമിതട്ടിപ്പുകാരെയും ബ്ലേഡ് പലിശക്കാരെയുമെല്ലാം പട്ടികയിലുൾപ്പെടുത്തും. തുടർച്ചയായി കുറ്റകൃത്യങ്ങളിൽപെടുന്നവരെ ഒരുവർഷം കരുതൽ തടങ്കലിലാക്കാൻ എസ്.പിമാർക്ക് അധികാരമുണ്ട്. നഗരത്തിൽ സജീവമായി ഗുണ്ടാപ്രവർത്തനം നടത്തുന്ന, ഇതുവരെ ഗുണ്ടാനിയമത്തിന്റെ പരിധിയിൽപ്പെടാതെ വിലസിനടക്കുന്ന 80 ഗുണ്ടകളെ പൊക്കി അകത്താക്കാൻ അനുമതി നൽകണമെന്ന് കമ്മിഷണറായിരുന്ന എച്ച്. വെങ്കടേശ് കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ഉന്നതരുടെ സ്വാധീനവലയത്തിലുള്ള ഇവർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാത്തതിനാൽ പൊലീസിന്റെ കൺമുന്നിൽ ഇപ്പോഴും വിലസുകയാണ്. രണ്ട് ക്രിമിനൽകേസുകളിൽ കൂടുതൽ പ്രതികളായവരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഗുണ്ടാ, ക്വട്ടേഷൻ സംഘത്തിൽപെട്ടവരെ ഗുണ്ടാവിരുദ്ധനിയമം ചുമത്തി അകത്താക്കാനാണ് പൊലീസിന്റെ തീരുമാനം.
തീരുമാനം വൈകിപ്പിച്ച് കളക്ടർ
തലസ്ഥാനത്ത് 22 പേർക്കെതിരെ ഗുണ്ടാആക്ട് ചുമത്താനുള്ള പൊലീസിന്റെ അപേക്ഷ ജില്ലാകളക്ടറുടെ പരിഗണനയിലാണ്. കളക്ടറുടെ തീരുമാനം വൈകുന്നതിനാൽ പൊലീസിന് ഇവരെ കരുതൽ തടങ്കലിലാക്കാനാവുന്നില്ല. ഗുണ്ടാപ്രവർത്തനത്തിലേർപ്പെടുന്നവരെ തെളിവുകൾ സഹിതം കണ്ടെത്തി ജില്ലാ കളക്ടർമാരിൽ നിന്ന് ഗുണ്ടാവിരുദ്ധനിയമം (കാപ്പ) ചുമത്താനുള്ള അനുമതിനേടിയാലേ ആറുമാസം കരുതൽതടങ്കലിലാക്കാനാവൂ.
കൂടുതൽപേരെ ഉൾപ്പെടുത്തി ഗുണ്ടാലിസ്റ്റ് അഴിച്ചുപണിയും. 50 പേരെങ്കിലും അധികമായി ഉൾപ്പെടും. ഗുണ്ടാവിരുദ്ധപ്രവർത്തനങ്ങൾ ശക്തമാക്കും. സഞ്ജയ് കുമാർ ഗുരുദിൻ (സിറ്റി പൊലീസ് കമ്മിഷണർ)