തിരുവനന്തപുരം: തലസ്ഥാനമായ തിരുവനന്തപുരം ജില്ല അത്യുഷ്ണത്തിൽ ഉരുകുകയാണ്. ചരിത്രത്തിൽ കാണാത്ത ചൂടാണ് ഇക്കുറി തലസ്ഥാന നഗരത്തെ ചുട്ടുപൊള്ളിക്കുന്നത്. ഉത്തരേന്ത്യൻ നഗരങ്ങളിൽ കാണുന്ന തരത്തിൽ തിരുവനന്തപുരം നഗരത്തിലും പലയിടത്തും കുടിവെള്ളവും തണ്ണിമത്തൻ കലർത്തിയ തണുത്തവെള്ളവും വിൽക്കുന്ന വഴിയോരകേന്ദ്രങ്ങൾ വ്യാപകമായി. കരിക്കിനെക്കാൾ ജനം ആശ്രയിക്കുന്നത് വിലകുറഞ്ഞ ഇത്തരം വഴിവാണിഭ വെള്ളവില്പനക്കാരെയാണ്. ഇളനീരിന് ഒന്നിന് 35 രൂപയാണ് ശരാശരിവില. ചിലപ്പോൾ അതിൽ വെള്ളവുമുണ്ടാകില്ല. എന്നാൽ തണ്ണിമത്തൻ വെള്ളത്തിന് ഗ്ളാസ് ഒന്നിന് പത്തുരൂപ നൽകിയാൽ മതി. ഐസിന്റെ തണുപ്പുമുണ്ടാകും. ചാല മാർക്കറ്റിലും കിഴക്കേകോട്ട ബസ് സ്റ്റാൻഡിലും തമ്പാനൂരിലും പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലും മ്യൂസിയം ജംഗ്ഷനിലുമെല്ലാം ഇത്തരം വഴിയോര കച്ചവടക്കാർ നിരന്നിട്ടുണ്ട്. ഇത് നഗരത്തിന്റെ മാറിയ കാഴ്ചയാണ്.
മാർച്ച് മാസത്തിന്റെ തുടക്കത്തിൽ തിരുവനന്തപുരത്ത് ഉയർന്ന താപനില 33 ഡിഗ്രിയായിരുന്നു. കുറഞ്ഞത് 19 ഉം. എന്നാൽ മൂന്നാഴ്ച പിന്നിട്ടപ്പോൾ ഉയർന്ന താപനിലയിൽ അഞ്ച് ഡിഗ്രിയുടെ വർദ്ധനയാണ് ഒറ്റയടിക്കുണ്ടായത്. നിലവിൽ 38.1 ഡിഗ്രിയാണ് നഗരത്തിലെ പകൽ താപനില. ഇത് കഴിഞ്ഞ മൂന്ന് വർഷത്തിൽ ഏറ്റവും കൂടുതലാണ്. കുറഞ്ഞ താപനിലയാകട്ടെ 24 ഡിഗ്രിയും. അത് പുലർകാലത്ത് നാലുമണിക്ക് രേഖപ്പെടുത്തുന്ന താപനിലയാണ്. പകലും രാത്രിയും ഒരേപോലെ ഉരുകിയൊലിക്കുകയാണ് നഗരവാസികൾ. എ.സിയില്ലാത്ത വീടുകളിൽ കിടന്നുറങ്ങാൻ തന്നെ പ്രയാസമാണ്. വൈദ്യുതികൂടിയില്ലെങ്കിൽ നഗരവാസികൾക്ക് രാത്രി ദുരന്തമാകും.
തിരുവനന്തപുരത്ത് മാത്രം ഇതുവരെ ഒൻപതിലേറെ പേർക്ക് സൂര്യാഘാതമേറ്റ് ശരീരത്തിൽ പൊള്ളലുണ്ടായി. തളർച്ചയും മയക്കവും ക്ഷീണവും അനുഭവപ്പെട്ടവരുടെ എണ്ണം ഇതിന് പതിന്മടങ്ങ് വരും. പാറശാലയിൽ കർഷകൻ വെയിലേറ്റ് കുഴഞ്ഞുവീണ് മരിച്ചതോടെ തിരുവനന്തപുരത്തെ അത്യുഷ്ണമേഖലയിലാണ് അധികൃതർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉഷ്ണനില ഇത്തരത്തിൽ മുന്നോട്ട് പോയാൽ ഏപ്രിൽ ആകുമ്പോഴേക്കും നഗരം കടുത്ത കുടിവെള്ള ക്ഷാമത്തിൽ അകപ്പെടുമെന്നാണ് ആശങ്ക. നെയ്യാറിലെ വെള്ളം കുടിച്ചാണ് നഗരത്തിലെ പത്തുലക്ഷം ജനങ്ങൾ ജീവിക്കുന്നത്. അരുവിക്കരയിലെ ജലനിരപ്പ് താഴ്ന്നാൽ നഗരത്തിൽ കുടിവെള്ളം മുടങ്ങും.
ജില്ലയിലെ ഭൂഗർഭ ജലനിരപ്പ് ഇപ്പോൾ മുക്കാൽ മീറ്ററിൽ നിന്ന് രണ്ടുമീറ്റർ വരെ താഴേക്ക് പോയെന്നാണ് ഭൂഗർഭ ജലവകുപ്പിന്റെ മുന്നറിയിപ്പ്. അതായത് ഭൂമിക്കടിയിൽ നിന്ന് വെള്ളമെടുക്കാൻ കിണർകുഴിക്കണമെങ്കിലും കുഴൽകിണർ താഴ്ത്തണമെങ്കിലും ചെലവേറുമെന്ന് സാരം. നഗരത്തിലെ പരമ്പരാഗത ജലസ്രോതസുകൾ അടച്ചതും പാഴാക്കിയതുമാണ് ഇതിന് കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പച്ചപ്പ് നിറഞ്ഞ നഗരമെന്ന സൽപേരും തിരുവനന്തപുരത്ത് കുറഞ്ഞുവരികയാണ്.
നഗരത്തിലെ ലോക് സഭാ സ്ഥാനാർത്ഥികൾ പറയുന്നത്
നഗരത്തിലെ കുടിവെള്ള ക്ഷാമം ഒരു ജനകീയ പ്രശ്നമായി ഏറ്റെടുക്കും. പ്രചാരണത്തിനിടയിൽ പലരും ഇതേക്കുറിച്ച് പരാതി പറഞ്ഞു. ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ശരിയായ സംവിധാനമില്ല. ബോധവത്കരണവും ആവശ്യമാണ്.
സി. ദിവാകരൻ, ഇടതുമുന്നണി സ്ഥാനാർത്ഥി.
ജില്ലയിലെ ജലസ്രോതസുകൾ സംരക്ഷിക്കാൻ മാസ്റ്റർപ്ളാൻ കൊണ്ടുവരാൻ ശ്രമിക്കും. ഭക്ഷണവും വെള്ളവും ഭൂമിയുമാണ് അടിസ്ഥാന ആവശ്യം. വികസനത്തിൽ അതിന് മുൻഗണന നൽകും. ജലസംരക്ഷണം, കുടിവെള്ളം ഇതെല്ലാം തിരഞ്ഞെടുപ്പ് വിഷയങ്ങളാണ്. പരമ്പരാഗത ജലസ്രോതസ് പുനരുപയോഗപ്രദമാക്കിയും മരം നട്ടുമാണ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്.
കുമ്മനം രാജശേഖരൻ, എൻ.ഡി.എ സ്ഥാനാർത്ഥി
ശുദ്ധമായ കുടിവെള്ള വിതരണ സംവിധാനം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനമായി ഉൾപ്പെടുത്തും. സമീപഭാവിയിൽ തിരുവനന്തപുരം നേരിടാനിരിക്കുന്ന ഏറ്റവും കടുത്ത ജനകീയ പ്രശ്നം കുടിവെള്ള ക്ഷാമം ആയിരിക്കും.
ഡോ. ശശി തരൂർ,യു.ഡി.എഫ് സ്ഥാനാർത്ഥി