തിരുവനന്തപുരം : നാലു നാൾ അനന്തപുരിക്ക് കലയുടെ മായക്കാഴ്ചകൾ സമ്മാനിച്ച കേരള സർവകലാശാല കലോത്സവത്തിന് ഇന്ന് തിരശീല വീഴും. വീറും വാശിയും നിറഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ ഇന്നലെ രാത്രി വൈകിയും തുടർന്നു. ഇന്ന് സമ്മാനദാനം മാത്രമാണ് അവശേഷിക്കുന്നത്. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വേദിയിൽ വച്ച് കലാതിലകം, കലാപ്രതിഭ പുരസ്കാരങ്ങളും മികച്ച കോളേജിനുള്ള ഓവറാൾ പുരസ്കാരവും വിതരണം ചെയ്യും.
വ്യാഴാഴ്ച രാത്രി വൈകി ആരംഭിച്ച മത്സരങ്ങൾ ഇന്നലെ രാവിലെ 8 മണിയോടെയാണ് സമാപിച്ചത്. അതിനാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വേദികൾ ഉണർന്നത്. വ്യാഴാഴ്ച രണ്ടാം വേദിയിൽ നടന്ന ഒപ്പന മത്സരമാണ് നേരം പുലരുവോളം നീണ്ടത്. ഇന്നലെ ഏഴ് വേദികളിലായി 22 മത്സരങ്ങളാണ് അരങ്ങേറിയത്. കിരീടത്തിനായി യൂണിവേഴ്സിറ്റി കോളേജും മാർ ഇവാനിയോസ് കോളേജും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. കുതിപ്പ് തുടരുന്ന യൂണിവേഴ്സിറ്റി കോളേജിനെ അവസാന ലാപ്പിൽ പിന്തള്ളി കിരീടം നിലനിറുത്താമെന്ന പ്രതീക്ഷയിലാണ് മാർ ഇവാനിയോസ്.
ഒന്നാം വേദിയായ അഭിമന്യു നഗറിൽ രാത്രി വൈകിയും സംഘനൃത്തം തുടർന്നു. വേദിയിൽ പെൺകുട്ടികളുടെ നാടോടിനൃത്ത മത്സരമാണ് ഇന്നലെ ആദ്യം അരങ്ങേറിയത്. 34 പ്രതിഭകളാണ് വാശിയേറിയ മത്സരം കാഴ്ചവച്ചത്. രണ്ടാം വേദിയായ ശ്രീദേവി നഗറിൽ നടന്ന വേസ്റ്റേൺ തന്ത്രിവാദ്യ മത്സരത്തിൽ മാർ ഇവാനിയോസ് കോളേജിലെ എബിൻ ജോസ് ഒന്നാം സ്ഥാനത്തെത്തി. തുമ്പ സെന്റ് സേവ്യേഴ്സിലെ സോളറിൻ അറ്റിൽഡ ഡിസൂസ രണ്ടാം സ്ഥാനവും ചെറുവരക്കോണം സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസിലെ എബിൻ വിൻസെന്റ് മൂന്നാം സ്ഥാനം നേടി.
സുഷിരവാദ്യ മത്സരത്തിൽ വഴുതക്കാട് വിമെൻസ് കോളേജിലെ ശാലിനി രാജൻ ഒന്നാം സ്ഥാനത്തെത്തി. നാലാഞ്ചിറ മാർ ഗ്രിഗോറിയസ് കോളേജിലെ എസ്.ആർ. അനന്തുകൃഷ്ണനും മാർ ഇവാനിയോസിലെ വിശാൽ ഇ. ബാബുവും രണ്ടാം സ്ഥാനം പങ്കിട്ടു. തോന്നയ്ക്കൽ എ.ജെ കോളേജിലെ എസ്.ആർ. മുഹമ്മദ് സഹലിനാണ് മൂന്നാം സ്ഥാനം. വേദി മൂന്നായ ബാലഭാസ്കർ നഗറിൽ നടന്ന ചാക്യാർകൂത്ത് മത്സരത്തിൽ യൂണിവേഴ്സിറ്റി കോളേജിലെ അനന്തകൃഷ്ണൻ ഒന്നാമതെത്തി. നെടുമങ്ങാട് സർക്കാർ കോളേജിലെ എ.എസ്. നിരഞ്ജനും തൈക്കാട് ആർട്സ് കോളേജിലെ എബി ഷൈജുവും രണ്ടാം സ്ഥാനം സ്വന്തമാക്കി. നാലാം വേദിയായ ലെനിൻ രാജേന്ദ്രൻ നഗറിൽ നടന്ന ആൺകുട്ടികളുടെ ശാസ്ത്രീയ സംഗീതത്തിൽ മാർ ഇവാനിയോസിലെ പി.ജെ. അഖിലും യൂണിവേഴ്സിറ്റി കോളേജിലെ സംഗീത് സുനിലും ഒന്നാമതെത്തി. പന്തളം എൻ.എസ്.എസ് കോളേജിലെ എസ്. ഗോകുൽ രണ്ടാമതും കാര്യവട്ടം കാമ്പസിലെ ടി. അജയ് കൃഷ്ണ മൂന്നാമതുമെത്തി.
ചാക്യാർകൂത്തിൽ അച്ഛന്റെ വഴിയെ അനന്തൻ
അനന്തകൃഷ്ണൻ കണ്ണ് തുറന്ന നാൾ മുതൽ അച്ഛൻ കെട്ടിയാടുന്ന വേഷങ്ങളോട് തോന്നിയ കൗതുകം വളർന്നപ്പോൾ അത് ആരാധനയായി മാറി. പിന്നെ പഠനത്തോടൊപ്പം നിരന്തര പരിശീലനം. ഇന്നലെ യൂണിവേഴ്സിറ്റി കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും ചാക്യാർകൂത്തിൽ ഒന്നാമതെത്തിയപ്പോൾ മാർഗി രാമൻ ചാക്യാരുടെ മകൻ അതിരുകളില്ലാത്ത ആഹ്ലാദത്തിലാണ്. പഞ്ചപാണ്ഡവന്മാരുടെ വനവാസകാലത്ത് നടക്കുന്ന 'പാഞ്ചാലി സ്വയംവരം" കഥയാണ് അനന്തകൃഷ്ണൻ വേദിയിൽ അവതരിപ്പിച്ചത്.
കുഞ്ഞു നാൾ മുതൽ തോന്നിയ ഇഷ്ടം നാലാം ക്ലാസിലെത്തിയപ്പോൾ ചാക്യാർകൂത്തിനെ ഗൗരവകരമായി സമീപിക്കാൻ പ്രേരണയായി. ഒൻപത് വർഷമായി അച്ഛന്റെ കീഴിലാണ് അനന്തൻ പരിശീലിക്കുന്നത്. തിരുവനന്തപുരം മാർഗിയിലെ അദ്ധ്യാപകനാണ് രാമൻ ചാക്യാർ. എറണാകുളം അങ്കമാലി സ്വദേശിയായ അനന്തകൃഷ്ണൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിയാണ്. അച്ഛന്റെ ജോലിയുടെ ഭാഗമായാണ് തലസ്ഥാനത്തേക്ക് താമസമാക്കിയത്. ഷീലയാണ് അമ്മ, സഹോദരി രേഷ്മ.
മത്സരഫലങ്ങൾ (ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ)
ഭരതനാട്യം (പെൺ)
1. കൃഷ്ണ അജിത്, മാർ ഇവാനിയോസ് കോളേജ്
2. മാളവിക എസ്. ഗോപൻ, എച്ച്.എച്ച്.എം.എസ്.പി.ബി എൻ.എസ്.എസ് കോളേജ് ഫോർ വിമെൻ, നീറമൺകര
ഹിന്ദി ഉപന്യാസം
1. രോഹിണി .എം, എസ്.എൻ കോളേജ് ചെമ്പഴന്തി
2. ശ്രീവർഷ, കാര്യവട്ടം കാമ്പസ്
3. സുരഭി .എസ്, കേരള യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ നെടുമങ്ങാട്
ഹിന്ദി കഥാരചന
1. അഭിന, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം
2. രോഹിണി .എം, എസ്.എൻ കോളേജ് ചെമ്പഴന്തി
3. അപർണാ രാജ്, എം.ജി കോളേജ് കേശവദാസപുരം
തമിഴ് കഥാരചന
1. ശരത് .എസ്, എം.ജി കോളേജ് കേശവദാസപുരം
2. രമലക്ഷ്മി .എൻ, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം
3. മാലതി .ജി, കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ കുമാരപുരം
പ്രച്ഛന്നവേഷം
1. ആര്യ .എച്ച്, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം, സൗപർണിക പ്രദീപ്, ഗവ.വിമെൻസ് കോളേജ് വഴുതക്കാട്
2. സുപർണ എസ്. അനിൽ, എസ്.എൻ കോളേജ് കൊല്ലം
3. ലക്ഷ്മി ആർ. കുമാർ, എ.ജെ കോളേജ് തോന്നയ്ക്കൽ
സംസ്കൃത പദ്യപാരായണം
1. ഭദ്ര ശർമ്മ, എസ്.എൻ കോളേജ് ചെമ്പഴന്തി
2. ലക്ഷ്മി എസ്. പ്രസാദ്, ഡി.ബി കോളേജ് ശാസ്താംകോട്ട
3. കാവ്യ മോൾ .എസ്, എസ്.എൻ കോളേജ് കൊല്ലം
ദഫ്മുട്ട്
1. വി.ഐ.ടി നെയ്യാറ്റിൻകര
2. എസ്.എൻ കോളേജ് വർക്കല, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം
3. സി.എച്ച്.എം.എം ചാവക്കോട്
സ്പോട്ട് ഫോട്ടോഗ്രഫി
1. അഥിൻ .എസ്, ക്രൈസ്റ്റ് നഗർ കോളേജ് മാറനല്ലൂർ
2. ശ്രീജിത്ത് .എസ്, മാർ ഇവാനിയോസ് കോളേജ് നാലാഞ്ചിറ
3. അനന്തു .ജി.എസ്, കാര്യവട്ടം കാമ്പസ്, ശ്രീലക്ഷ്മി .എസ്, ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് അമ്പലപ്പുഴ
കോൽക്കളി
1. സി.എച്ച്.എം.എം ചാവക്കോട്
2. കെ.ടി.സി.ടി കോളേജ് കല്ലമ്പലം
3. എം.എസ്.എം കോളേജ് കായംകുളം, മുസ്ലിം അസോസിയേഷൻ കോളേജ് വെഞ്ഞാറമൂട്