തിരുവനന്തപുരം : നഗരസഭ ഹെൽത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥരും അധികൃതരും തമ്മിലുള്ള ആശയവിനിമയം ഇനി പൊലീസ് മോഡലിൽ. വയർലെസ് സംവിധാനത്തിലൂടെ അതിവേഗം വിവരങ്ങൾ കൈമാറി ഉടനടി നടപടിയെടുക്കാൻ ഹെൽത്ത് വിഭാഗം സജ്ജമാകുന്നു. ആധുനികവത്കരണത്തിന്റെ ഭാഗമായി 100 വയർലെസ് സെറ്റുകൾ ഉടൻ എത്തും. കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഹെൽത്ത് വിഭാഗത്തിന് വയർലെസ് സംവിധാനം ഏർപ്പെടുത്തുന്നത്. ഡൽഹി പോലുള്ള മെട്രോ സിറ്റികളിൽ പരീക്ഷിച്ച് വിജയിച്ച രീതിയാണ് ജനസാന്ദ്രതയേറിയ തലസ്ഥാന നഗരവും ഏറ്റെടുക്കുന്നത്.
പരിശോധനകളും മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളും കാര്യക്ഷമമാക്കുകയാണ് പ്രധാന ലക്ഷ്യം. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വരെയുള്ള ഉദ്യോഗസ്ഥർക്കാണ് വയർലെസ് നൽകുന്നത്. 40 ലക്ഷം രൂപ ചെലവിലാണ് വയർലെസുകൾ വാങ്ങുന്നത്. ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തിയായി ലൈസൻസ് ലഭിച്ചു കഴിഞ്ഞാൽ ഏപ്രിൽ പകുതിയോടെ ഉദ്യോഗസ്ഥർക്ക് കൈമാറും. മേയർ, ഡെപ്യൂട്ടി മേയർ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, നഗരസഭാ സെക്രട്ടറി, ഹെൽത്ത് ഓഫീസർ എന്നിവരുടെ വാഹനങ്ങളിലും ഹെൽത്ത് സ്ക്വാഡിന്റെ രണ്ട് യൂണിറ്റ് വാഹനങ്ങളിലും വയർലെസ് ഘടിപ്പിക്കും. ഭക്ഷ്യസുരക്ഷാ പരിശോധനകളും മാലിന്യനിർമ്മാർജനപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നഗരസഭാ ആസ്ഥാനത്ത് ഇതിനായി പ്രത്യേക കൺട്രോൾ റൂമും തുറക്കും.
സെപ്റ്രേജ് വാഹനങ്ങളിൽ ജി.പി.എസ്
സ്വകാര്യ വാഹനങ്ങൾ സെപ്റ്റേജ് മാലിന്യങ്ങൾ ശേഖരിച്ച് പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളുന്നത് അവസാനിപ്പിക്കാൻ നഗരസഭ സെപ്റ്റേജ് വാഹനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. ഇതോടൊപ്പം ജി.പി.എസും ഘടിപ്പിക്കുന്നു. നഗരസഭയുടെ നിർദ്ദേശ പ്രകാരം 25 വാഹനങ്ങൾ ഇതിനോടകം ലൈസൻസിന് അപേക്ഷ നൽകിയിട്ടുണ്ട്. ലൈസൻസ് ലഭിക്കുന്ന വാഹനങ്ങൾ സ്വന്തം ചെലവിൽ ജി.പി.എസ് ഘടിപ്പിക്കണം. ഈ വാഹനങ്ങളെ നിരീക്ഷിക്കാൻ നഗരസഭ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ഇതിനായി പ്രത്യേക സോഫ്റ്റ്വെയറും തയ്യാറാക്കിയിട്ടുണ്ട്.
വരുന്നൂ ക്യു.ആർ കോഡ്