antony-madasery

ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയെ10 കോടി രൂപയുടെ കള്ളപ്പണവുമായി പിടികൂടി. വൈദികനും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം കണ്ടെത്തിയത്.

ഫ്രാൻസിസ്‌കൻ മിഷണറീസിന്റെ ജലന്ധറിലെ ഓഫീസിൽ നിന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പണം പിടികൂടിയത്. സംഭവത്തിൽ ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടിച്ചെടുത്തത്. പണത്തിന്റെ കണക്കുകളോ രേഖകളോ ബന്ധപ്പെട്ടവർക്ക് ഹാജരാക്കാനായില്ലെന്നും സംഭവത്തിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഉടൻ മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും പോലീസ് അറിയിച്ചു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായപ്പോൾ ആന്റണി മാടശേരി കേരളത്തിലേക്ക് പോയിരുന്നു. പിന്നീട് ബിഷപ്പിനൊപ്പമാണ് ജലന്ധറിലേക്ക് മടങ്ങിയെത്തത്. ഫ്രാൻസിസ്‌കൻ മിഷണറീസിന്റെ നേതൃത്വത്തിലുള്ള നവജീവൻ സൊസൈറ്റിയുടെയും സഹോദയ സ്വകാര്യ സുരക്ഷാ ഏജൻസിയുടെയും പ്രവർത്തന ചെലവിലേക്കുള്ള പണമാണ് കണ്ടെടുത്തതെന്ന് വൈദികൻ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് പോലീസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ച് വരികയാണ്.