ന്യൂഡൽഹി: ജെയ്‌ഷെ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത തോക്കുകൾ പാക് സൈന്യം ഉപയോഗിക്കുന്ന അതേ തോക്കുകൾ തന്നെയാണെന്ന് തെളിവുകളുമായി ഇന്ത്യൻ സൈന്യം. പാകിസ്താൻ സൈന്യവും ഭീകരസംഘടനകളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന വാദം ശരിവയ്ക്കുന്ന തെളിവുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം രണ്ട് ഭീകരരെ വധിക്കുകയും ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജെയ്‌ഷെ ഭീകരരിൽ നിന്ന് പിടികൂടിയ തോക്കുകൾ പാക് സൈന്യം ഉപയോഗിക്കുന്നതാണെന്ന് വ്യക്തമായത്. യു.എസ് നിർമിതമായ എം4 റൈഫിളുകളാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയത്. ഇത് പാക് സൈന്യവും ഭീകരവാദികളും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതാണെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ആറുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഭീകരവാദികളുടെ കൈയിൽ നിന്ന് എം4 റൈഫിളുകൾ കണ്ടെടുക്കുന്നത്. 2017ൽ ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ അനന്തരവൻ തൽഹാ റാഷിദുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഭീകരവാദികളുടെ കൈയിൽ നിന്ന് ആദ്യമായി യു.എസ് നിർമിത റൈഫിളുകൾ കണ്ടെത്തുന്നത്.