thushara

ഓയൂർ: മരിച്ചനിലയിലാണ് മാർച്ച് 21ന് രാത്രി പന്ത്രണ്ട് മണിയോടെ തുഷാരയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്നാണ് യുവതിയെ എത്തിച്ചത്. ഡോക്ടർമാർ മരണകാരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് വർഷങ്ങളായി ഭർത്താവും, അമ്മായി അമ്മയും ചേർന്ന് തുഷാരയ്ക്ക് മേൽ നടത്തിയ നീണ്ട കൊടും പീഡനത്തിന്റെ ചുരുളഴിഞ്ഞത്. ഭക്ഷണം ലഭിക്കാതെ ശരീരം ശോഷിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം, ഇത് കൂടാതെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിൽ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി നിമോണിയ ബാധിച്ചാണ് മരണകാരണമെന്ന് കണ്ടെത്തി.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവതിയെ മനപൂർവം പട്ടിണിക്കിട്ടതാണെന്ന് വ്യക്തമായതോടെ ഭർത്താവിനെയും അമ്മായിഅമ്മയെയും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഓയൂർ ചെങ്കുളം, പറണ്ടോട് ചരുവിളവീട്ടിൽ ചന്തുലാൽ (30), ചന്തുലാലിന്റെ മാതാവ് ഗീതാലാൽ (55) എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീധനത്തുക നൽകാത്തതിന്റെ പേരിൽ വർഷങ്ങളായി യുവതിയെ ഉപദ്രവിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ പഞ്ചസാരവെള്ളവും അരി കുതിർത്തതും മാത്രമേ തുഷാരയ്ക്ക് നൽകിയിരുന്നുള്ളുവെന്ന് ചന്തുലാൽ പൊലീസിനോട് പറഞ്ഞു. സ്ത്രീധന പീഡനം, മാനസികവും ശാരീരികവുമായ പീഡനം, പട്ടിണിക്കിടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഇരുവരേയും കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു.

കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തുഷാര ഭവനിൽ തുളസീധരൻ വിജയലക്ഷ്മി ദമ്പതികളുടെ മകളും ചന്തുലാലിന്റെ ഭാര്യയുമായ തുഷാര കഴിഞ്ഞ 21നാണ് മരിച്ചത്. ഇവർക്ക് ചാൻസി (4), ചിൻസി (ഒന്നര) എന്നീ മക്കളുണ്ട്.

പൊലീസ് പറയുന്നത് ഇങ്ങനെ
2013ലായിരുന്നു വിവാഹം. മൂന്ന് മാസം കഴിപ്പോൾ രണ്ടുലക്ഷം രൂപ സ്ത്രീധനം ചന്തുലാൽ ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാർ നൽകിയില്ല. തുടർന്ന് ചന്തുലാലും മാതാവും തുഷാരയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു. സ്വന്തം വീട്ടിലേക്ക് പോകാനോ ബന്ധുക്കളുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടു വർഷത്തിനിടെ രണ്ടു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്. തുഷാരയെ കാണാൻ ബന്ധുക്കൾ എത്തിയാൽപോലും മടക്കി അയയ്ക്കും. അവർ വന്നതിന്റെ പേരിൽ തുഷാരയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. മന്ത്രവാദവുമായി മരണത്തിന് ബന്ധമുണ്ടോയെന്നും മറ്റും അന്വേഷിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

വീട്ടിൽ മന്ത്രവാദവും ആഭിചാരവും

തകരഷീറ്റ് വച്ച് നാലുപാടും ഉയരത്തിൽ മറച്ച പുരയിടത്തിലാണ് ചന്തുലാലിന്റെ വീട്. അമ്മ ഗീതലാൽ വീടിന് മുന്നിൽ ക്ഷേത്രം കെട്ടി മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നു. ഇതിനായി പലരും എത്തിയിരുന്നു. ഇവർക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. പലപ്പോഴും വീട്ടിൽനിന്നു ബഹളവും നിലവിളിയും കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.