ന്യൂഡൽഹി: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ദക്ഷിണേന്ത്യയിൽ താൻ മത്സരിക്കുമെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ രാഹുൽ ഗാന്ധി നൽകിയിരുന്നു. ഇത് കർണാടകയിലെ ഏതെങ്കിലും മണ്ഡലമാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കർണാടകയിലെ വിജയസാധ്യതയിൽ കോൺഗ്രസിന് അത്ര ഉറപ്പില്ല. തുടർന്നാണ് വയനാട്ടിൽ തന്നെ മത്സരിക്കാമെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിയത്. കഴിഞ്ഞ ദിവസം ഹരിയാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ രാഹുൽ രാത്രിയോടെ തന്നെ ഡൽഹിയിൽ തിരിച്ചെത്തിയിരുന്നു. ഇന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തി രണ്ടാം സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
അതേസമയം, രാഹുൽ പരാജയ ഭീതി മൂലമാണ് രണ്ടാം മണ്ഡലം തേടുന്നതെന്ന ബി.ജെ.പി ആരോപണം നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഇറക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ബി.ജെ.പിയെ അതിശക്തമായി നേരിടാൻ തങ്ങളുണ്ടെന്ന സന്ദേശം നൽകുകയും ഒപ്പം കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്ന് കരുതുന്ന രാഹുൽ ഗാന്ധിക്ക് വിജയം ഉറപ്പിക്കാനും കഴിയുമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം കരുതുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി വാരണാസി മാറുകയും ചെയ്യും. ഇനി പ്രിയങ്ക മത്സരിച്ച് തോറ്റാൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഉത്തർപ്രദേശിൽ തങ്ങളുടെ ഏറ്റവും ശക്തയായ നേതാവായി പ്രിയങ്കയെ കോൺഗ്രസിന് ഉയർത്തിക്കാട്ടുകയും ചെയ്യാം. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഒരുങ്ങാൻ കഴിഞ്ഞ ദിവസം പ്രിയങ്ക പ്രവർത്തകരോട് ആഹ്വാനം ചെയ്‌തിരുന്നു.
കഴിഞ്ഞ ദിവസം മുതലാണ് പ്രിയങ്ക വാരണാസിയിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഇതിന് കാരണമായത് പ്രിയങ്കയുടെതന്നെ ഒരു പ്രതികരണത്തിലാണ്. കഴിഞ്ഞ ദിവസം അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രചാരണത്തിനെത്തിയ പ്രിയങ്കയോട് ഇവിടെ നിന്ന് മത്സരിക്കുമോ എന്ന് പ്രവർത്തകർ ചോദിച്ചപ്പോൾ വാരണാസിയിൽ ആയാലോ? എന്ന മറുചോദ്യമാണ് പ്രിയങ്കയിൽ നിന്നുണ്ടായത്. അതോടെ ചർച്ച ചൂടുപിടിച്ചു. അഭ്യൂഹം പഞ്ഞമില്ലാതെ പരക്കാനും തുടങ്ങി. വാരണാസിയിൽ പ്രിയങ്ക മോദിയുടെ എതിരാളിയാകുമോ? അതോ മോദിയ്ക്കുനേരെ ഉണ്ടായ പരിഹാസ മുനയായിരുന്നോ അത്? ചർച്ചകളും അവലോകനങ്ങളും പൊടിപൊടിക്കുകയാണ്. ഇതിനിടയിലാണ് പ്രിയങ്ക വാരണാസിയിൽ ഇറങ്ങിയേക്കുമെന്ന തരത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ സൂചന നൽകിയത്.
വയനാട്ടിൽ രാഹുൽ വന്നില്ലെങ്കിൽ പ്രിയങ്ക മത്സരിക്കുമെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുമ്പോഴാണ് ഈ പ്രതികരണം പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും മത്സരിക്കുമെന്ന് സഹോദരൻ രാഹുലിന്റെ മണ്ഡലമായ അമേതിയിലെ പ്രചാരണത്തിനിടെ പ്രിയങ്ക പറഞ്ഞിരുന്നു. അതുകൂടി ചേർത്തുവായിച്ചാണ് പ്രിയങ്ക മത്സരിക്കുമെന്ന തരത്തിലുള്ള സൂചനകൾ നേതാക്കന്മാർ നൽകുന്നത്.
കോൺഗ്രസ് പരിപാടികളിൽ അതിഥി വേഷം മാത്രമായിരുന്ന പ്രിയങ്ക ജനുവരിയിലാണ് പൂർണ സമയ പാർട്ടി പ്രവർത്തനത്തിലേക്ക് ഇറങ്ങിയത്. കിഴക്കൻ യു.പിയുടെ ചുമതല ലഭിച്ചപ്പോൾ തന്നെ പ്രിയങ്ക സോണിയയ്ക്കുപകരം റായ്ബറേലിയിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ സോണിയാ ഗാന്ധിയുടെ പേര് ഉൾപ്പെട്ടതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി.