ന്യൂഡൽഹി: അതിർത്തിയിൽ കാവലിരിക്കുന്ന സൈനികർക്ക് മോശം ഭക്ഷണമാണ് നൽകുന്നതെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് ബി.എസ്.എഫ് പുറത്താക്കിയ ജവാൻ വാരണയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കും. ഹരിയാനയിലെ റെവാരി സ്വദേശിയായ തേജ് ബഹദൂർ യാദവാണ് പ്രധാനമന്ത്രിക്കെതിരെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യവുമായി നിരവധി പാർട്ടികൾ തന്നെ സമീപിച്ചുവെന്ന് തേജ് ബഹദൂർ അവകാശപ്പെട്ടു.എന്നാൽ താൻ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 'ജയിക്കുകയോ തോൽക്കുകയോ എന്നതല്ല എന്റെ ലക്ഷ്യം. സെെനിക വിഭാഗങ്ങളെ, പ്രത്യേകിച്ച് അർദ്ധ സെെനിക വിഭാഗങ്ങളെ ഈ സർക്കാർ എങ്ങനെ തകർത്തുവെന്ന് തെളിയിക്കാനാണ് എന്റെ ശ്രമം'. തേജ് പറഞ്ഞു.
ജവാന്മാരുടെ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് ചോദിക്കുന്നത്. എന്നാൽ അവർക്ക് വേണ്ടി മോദിയും സർക്കാരും ഒന്നും ചെയ്തിട്ടില്ലെന്നുള്ളതാണ് സത്യം. പുൽവാമയിൽ അടുത്തയിടെ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാന്മാർക്ക് ഇതുവരെ രക്തസാക്ഷികൾ എന്ന പരിഗണന പോലും സർക്കാർ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉടൻ വാരാണാസിയിലേക്ക് പോകുമെന്നും വിരമിച്ച സെെനികരുടെയും കർഷകരുടെയും പിന്തുണയോടെ പ്രചാരണം നടത്തുമെന്നും തേജ് കൂട്ടിച്ചേർത്തു. ജമ്മു കാശ്മീരിലെ ക്യാംപിൽ ജവാന്മാർക്ക് നൽക്കുന്ന ഭക്ഷണത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർത്തിയതിനെ തുടർന്ന് 2017ൽ തേജിനെ ബി.എസ്.എഫ് അദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കുകയായിരുന്നു.