currency

ന്യൂഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് കള്ളപ്പണം വ്യാപകമായി വെളുപ്പിച്ചവരെ പിടികൂടാൻ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ആദായവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കള്ളപ്പണം വെളുപ്പിച്ചെന്ന് കരുതുന്ന ഏകദേശം മൂന്ന് ലക്ഷത്തോളം കമ്പനികളുടെ ഇടപാടുകളാണ് പരിശോധിക്കുന്നത്. 2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തോട് അഭിസംബോധന ചെയ്തുകൊണ്ട് 1000,500 രൂപ കറൻസികൾ നിരോധിച്ചത്. എന്നാൽ ഇതിനടുത്ത ദിവസങ്ങളിൽ രാജ്യത്തെ ലക്ഷക്കണക്കിന് കമ്പനികൾ പതിനായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിച്ചതും നിക്ഷേപിച്ചതുമാണ് പരിശോധിക്കുക. അസ്വാഭാവിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയാൽ തുടർ നടപടിയുണ്ടാകും.

കടലാസിൽ മാത്രം പ്രവർത്തിക്കുന്ന കമ്പനികളാണ് ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് കരുതുന്നത്. കള്ളപ്പണം വെളുപ്പിക്കാൻ പലരും ഇത്തരം സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിയതായും സംശയമുണ്ട്. നോട്ടുനിരോധന ദിവസത്തിനുമുമ്പുവരെ ചെറിയ തുകമാത്രമുണ്ടായിരുന്ന അക്കൗണ്ടുകളിൽ പിന്നീട് വലിയ ഇടപാടുകൾ നടന്നതായും കണ്ടെത്തിയിരുന്നു. നോട്ട് നിരോധനം കഴിഞ്ഞ് വർഷം രണ്ട് കഴിഞ്ഞിട്ടും അതിൻമേലുള്ള നടപടികൾ തുടരുകയാണ്. രാജ്യത്ത് നിരോധിച്ച നോട്ടുകളുടെ മൂല്യത്തിന് ഏതാണ്ട് അടുത്തുതന്നെ തിരികെ എത്തിയതായി റിസർവ് ബാങ്ക് കണക്കുകളിൽ വ്യക്തമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി നോട്ട് നിരോധനം പരാജയമാണെന്ന് പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം ഒളിപ്പിച്ചവരെ മാളത്തിൽ നിന്നും പുറത്ത് ചാടിക്കാനായെന്നും, ഇടപാടുകളിലൂടെ പിന്തുടർന്ന് കൃത്യമായ അന്വേഷണത്തിലൂടെ അവരിലേക്ക് എത്താമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.