തിരുവനന്തപുരം: തന്റെ വിവാദമായ ട്വീറ്റിന് വിശദീകരണം നൽകിയും വിമർശിച്ചവരെ കണക്കിന് ട്രോളിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മാർക്കറ്റ് സന്ദർശിച്ച ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിന് നൽകിയ തലക്കെട്ടായിരുന്നു തരൂരിനെ കുരുക്കിയത്.
മീനിന്റെ ഗന്ധം കേട്ടാൾ ഓക്കാനിക്കാൻ തോന്നുന്ന സസ്യാഹാരിയായ എം.പിയായിരുന്നിട്ടും വലിയ ആവേശമായിരുന്നു മാർക്കറ്റിൽ ലഭിച്ചത്. ഇതിൽ squeamishly എന്ന വാക്കാണ് തരൂരിനെ കുരുക്കിയത്. മത്സ്യ തൊഴിലാളികളെ ആക്ഷേപിച്ചാണ് തരൂർ ട്വിറ്ററിൽ കുറിച്ചതെന്ന് വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തു.
എന്നാൽ താൻ അർത്ഥമാക്കിയതല്ല വായിച്ചവർ മനസിലാക്കിയത് എന്ന് പറഞ്ഞ് വാക്കിന്റെ മറ്റൊരു അർത്ഥവും ചേർത്ത് വിശദീകരണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. മലയാളി ഇടത് നേതാക്കൾ തന്റെ ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്നമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
squeamishly എന്ന വാക്കിന് സത്യസന്ധതയുള്ള, ശുണ്ഠിയുള്ള എന്നിങ്ങനെ അർത്ഥങ്ങളുണ്ടെന്ന് തരൂർ ചൂണ്ടിക്കാണിക്കുന്നു. ഇതിനായി ഓളം ഡിക്ഷ്ണറിയിൽ വാക്കിന്റെ അർത്ഥമുൾപ്പെടെയുള്ള സ്‌ക്രീൻ ഷോട്ട് സഹിതമാണ് തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ട്വീറ്റ് വിവാദമാക്കിയവരെ ട്രോളാനായി അദ്ദേഹം 'ഓർഡർ ഡെലിവേർഡ്' എന്ന വാക്കിന് ഗൂഗിളിൽ 'കല്‍പ്പന പ്രസവിച്ചു' എന്ന അർത്ഥം കാണിക്കുന്നതിന്റെ മറ്റൊരു സ്‌ക്രീൻ ഷോട്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.