തിരുവനന്തപുരം: തലസ്ഥാനത്തിന് തിരഞ്ഞെടുപ്പിൽ സ്വന്തമായി ഒരു വിഷയം കിട്ടിയതിന്റെ ചൂടിലാണ് പോർക്കളം. യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ ട്വിറ്ററിൽ കുറിച്ച് വാക്കുകൾ വിവാദമായതോടെയാണ് മീൻ ചന്തകൾ പ്രചരണത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറിയത്. 'ഓക്കാനം വരുംവിധം വെജിറ്റേറിയൻ ആയ എം.പിയായിട്ടും മത്സ്യമാർക്കറ്റിൽ നല്ല രസമായിരുന്നു' എന്നർത്ഥം വരുന്ന ട്വീറ്റാണ് കഴിഞ്ഞ ദിവസം ശശി തരൂർ കുറിച്ചത്. എന്നാൽ നിമിഷങ്ങൾക്കകം ശശി തരൂർ മത്സ്യത്തൊഴിലാളികളെയാകെ അപമാനിച്ചുവെന്ന ആരോപണം ഉയർത്തി ഇടത് പക്ഷം പ്രതിഷേധങ്ങൾ ആരംഭിക്കുകയായിരുന്നു. മീനിന്റെ മണം ഓക്കാനമുണ്ടാക്കത്ത വിധം വരേണ്യ വർഗത്തിന്റെ പ്രതിനിധിയാണ് എന്ന് വിളിച്ച് പറയുകയാണ് ശശിതരൂർ ചെയ്തതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ തന്റെ ഇംഗ്ലീഷ് പ്രയോഗത്തെ പരിഭാഷപ്പെടുത്തിയതിലെ അപാകത ചൂണ്ടിക്കാട്ടുകയാണ് ശശി തരൂർ ചെയ്തത്.
പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈനികർ എന്ന വിശേഷണം സ്വന്തമാക്കിയ മത്സ്യത്തൊഴിലാളികളെ ഇങ്ങനെ അപമാനിക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരും ധാരാളമുണ്ട്. ഏതായാലും സ്ഥാനാർത്ഥികളുടെ പര്യടനത്തിനിടയിൽ മത്സ്യമാർക്കറ്റുകളിൽ കയറി വേണ്ടി വന്നാൽ മീനിനെ കൈ കൊണ്ട് ഉയർത്തി നല്ല മണം എന്ന് പറയാനും സ്ഥാനാർത്ഥികൾ റെഡിയാണ് കാരണം ഓരോ വോട്ടും വിലയേറിയതാണെന്ന് പല തിരഞ്ഞെടുപ്പുകളും കണ്ട രാഷ്ട്രീയ പ്രവർത്തകർക്ക് നന്നായി അറിയാം