india

ന്യൂഡൽഹി: ഇന്ത്യയുടെ ആന്റിസാറ്റലൈറ്ര് മിസൈൽ പരീക്ഷണം ചാരവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്ക നീരിക്ഷിച്ചെന്ന റിപ്പോർട്ടുകൾ തളളി യു.എസ് പ്രതിരോധ വകുപ്പായ പെന്റഗൺ രംഗത്തെത്തി. എന്നാൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെക്കുറിച്ച് യു.എസിന് അറിയാമായിരുന്നെന്ന് പ്രതിനിധികൾ വ്യക്തമാക്കി. ഇന്ത്യയ്ക്കു സമീപമുള്ള ഡീഗോ ഗാർസ ദ്വീപായ നിന്നു ബംഗാൾ ഉൾക്കടൽ ഭാഗത്തേക്ക് തിരിച്ച യുഎസ് വിമാനം ഇന്ത്യയുടെ ആന്റിസാറ്റലൈറ്റ് മിഷൻ ട്രാക്ക് ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സൈനിക വ്യോമനീക്കങ്ങൾ നിരീക്ഷിക്കുന്ന എയർക്രാഫ്റ്റ്‌ സ്പോട്‌സ് ഇതിനെ സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്ക് വഴിതുറക്കുകയായിരുന്നു. രാഷ്ട്രങ്ങളുടെ പരമാധികാരം, സ്വതന്ത്രവും ന്യായവുമായ വ്യാപാരം, അന്തരാഷ്ട്ര നിയമങ്ങളുടെ പാലനം തുടങ്ങി നിരവധി കാര്യങ്ങളിൽ പരസ്പര ധാരണയോടെയാണ് ഇരുരാജ്യങ്ങളും നിലനിൽക്കുന്നത്. ഇന്ത്യയുടെ ആന്റിസാറ്റലൈറ്ര് മിസൈൽ പരീക്ഷണത്തെ കുറിച്ചു വ്യക്തമായി അറിയാമായിരുന്നെന്ന് യു.എസ് എയ്ർഫോഴ്സ് സപേസ് കമാന്റ് കമാന്റർ ലഫ്‌റ്റനന്റ് ജനറൽ ഡേവിസ് തോംസൺ വ്യക്തമാക്കി.

പരീക്ഷണത്തോടനുബന്ധിച്ച് വ്യോമ ഗതാഗതം നിരോധിച്ചുകൊണ്ട് ഇന്ത്യ പുറത്തിറക്കിയ ഉത്തരവിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. അമേരിക്കൻ സൈന്യത്തിന്റെ മിസൈൽ മുന്നറിയിപ്പു സംവിധാനങ്ങളിൽ നിന്നും വിവരങ്ങൾ ലഭിച്ചിരുന്നു. മിസൈൽ ലക്ഷ്യസ്ഥാനത്തു എത്തിയതിനു ശേഷം മാത്രമാണ് ഇതിനെ പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചതെന്നും ഡേവിഡ് തോംസൺ പറഞ്ഞു.

എന്നാൽ ആന്റിസാറ്റലൈറ്ര് മിസൈൽ പരീക്ഷണത്തെ കുറിച്ചു വിവരം ലഭിച്ചിട്ടും യു.എസ് ഇന്ത്യയെ നിരിക്ഷീക്കാത്തത് ആശ്ചര്യമാണെന്നു വിദഗ്ദർ അഭിപ്രായപ്പെട്ടു. ശത്രുക്കളുടെയും മിത്രങ്ങളുടെയും എല്ലാ നീക്കങ്ങളും അമേരിക്ക നിരിക്ഷിക്കുന്നുണ്ടെന്ന് ബഹിരാകാശ ഗവേഷകനായ ജോനാഥൻ മക്‌ഡൊവൽ വ്യക്തമാക്കി.

ഇന്ത്യയുടെ ആദ്യ ആന്റിസാറ്റലൈറ്റ് മിസൈൽ പരീക്ഷണത്തെ വിമർശിച്ചു യു.എസ് രംഗത്തെത്തിയതിന് പിന്നാലെയാണ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തു വന്നത്. ബഹിരാകാശം മലിനപ്പെടുത്തുന്നത് ശ്രദ്ധിക്കണമെന്ന് യുഎസ് ഇന്ത്യയ്ക്കു മുന്നറിയിപ്പ് നൽകിയിരുന്നു.

ഇത്തരം പരീക്ഷണങ്ങൾ എല്ലാവരും നടത്താൻ തുടങ്ങിയാൽ ബുദ്ധിമുട്ടാണ്. ബഹിരാകാശം എല്ലാവരുടേതുമാണെന്നും അതിനെ അവശിഷ്ടങ്ങൾ നിറച്ച് മലിനപ്പെടുത്തരുതെന്നും ഇത്തരം പരീക്ഷണങ്ങൾ നടത്തുമ്പോൾ മറ്ര് രാജ്യങ്ങളുടെ കാര്യങ്ങൾ കൂടി ആലോചിക്കണമെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഇന്ത്യയുമായി ബഹിരാകാശ ഗവേഷണത്തിൽ സഹകരണം തുടരുമെന്ന് യു.എസ് അറിയിച്ചു.