മോഹൻലാൽ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് സ്ഫടികം വിലയിരുത്തപ്പെടുന്നത്. 24 വർഷങ്ങൾ പിന്നിട്ടിട്ടും ആടുതോമ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നുവെന്നത് ആ ചിത്രത്തിന്റെ ജനപ്രീതി അത്രയേറെയാണെന്നത് വ്യക്തമാക്കുന്നു. ഇപ്പോഴിതാ സ്ഫടികത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ബിജു ജെ കട്ടാക്കൽ സ്ഫടികം 2 ഒരുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഇന്ന് പുറത്തിറങ്ങി.
എന്നാൽ ചിത്രത്തിനെതിരെ കടുത്ത വിമർശവുമായി എത്തിയിരിക്കുയാണ് സ്‌ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ. ചിത്രത്തിന് സ്ഫടികം എന്ന പേര് ഉപയോഗിക്കുകയാണെങ്കിൽ താൻ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പറയുകയാണ് ഭദ്രൻ. 'സ്‌ഫടികം ഒന്നേയുള്ളു, അത് എന്റേതാണ്. രണ്ടാം ഭാഗം ഇറക്കാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല.സ്‌ഫടികം 2 എന്നപേരിൽ സിനിമ എടുക്കാൻ ഞാൻ ആർക്കും അനുവാദം കൊടുത്തിട്ടില്ല. സ്‌ഫടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റഫറൻസും ഈ സിനിമയിൽ ഉണ്ടാകാൻ പാടില്ല. ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ട. അങ്ങനെ ചെയ്‌താൽ നിയമ നടപടികളുമായി ഞാൻ മുന്നോട്ടുപോകും. അങ്ങനെ ആടുതോമയെ വച്ച് ആരും സിനിമ ഇറക്കില്ല. ഇറക്കാൻ ഞാൻ സമ്മതിക്കുകയുമില്ല. അതിനായി ആരും മിനക്കടേണ്ട'- ഭദ്രൻ പറയുന്നു.
അതേസമയം, സ്ഫടികം 2വിന്റെ ടീസറിന് കടുത്ത വിമർശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ 2020ൽ ചിത്രം പുറത്തിറങ്ങുമെന്നും ബിജു ജെ കട്ടാക്കൽ വ്യക്തമാക്കുന്നു. ബോളിവുഡ് നടി സണ്ണി ലിയോണും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് വിവരം.
1995 ൽ പുറത്തിറങ്ങിയ സ്ഥടികത്തിൽ തിലകൻ, ഉർവശി, കെ.പി.എ.സി ലളിത, രാജൻ പി.ദേവ്, കരമന ജനാർദ്ദനൻ, മണിയൻപ്പിള്ള രാജു, ചിപ്പി, അശേകൻ, നെടുമുടിവേണു, സിൽക് സ്മിത, സ്ഥടികം ജോർജ്ജ് തുടങ്ങി ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു.