sushant-preethi

തനിക്കെതിരെ സാമൂഹിക പ്രവർത്തകൻ സുശാന്ത് നിലമ്പൂർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പ്രീതി എന്ന യുവതി രംഗത്ത്. ശരീരത്ത് നിന്ന് തൊലി അടർന്നു പോകുന്ന അപൂർവ രോഗവുമായി ജീവിക്കുന്ന പ്രീതിയുടെ ജീവിതം സുശാന്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനെ തുടർന്ന് നിരവധി പേർ പ്രീതിയ്‌ക്ക് സഹായം നൽകുകയുണ്ടായി. എന്നാൽ ഇത്തരത്തിൽ ലഭിച്ച ലക്ഷക്കണക്കിന് രൂപ പ്രീതി മറ്റു ചില ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന ആരോപണം സുശാന്ത് ഉന്നയിച്ചത്. ഇതിന് മറുപടി നൽകുകയാണ് യുവതി ഇപ്പോൾ.

താൻ ആരെയും വഞ്ചിച്ചിട്ടില്ല, പണം നൽകേണ്ട രോഗികളുടെ വിവരം അന്വേഷിച്ചതാണ് സുശാന്തിന്റെ വിരോധത്തിന് കാരണമെന്ന് പ്രീതി പറയുന്നു. 'എന്റെ അവസ്ഥ നാട്ടുകാരിലെത്തിച്ച് സഹായം കിട്ടാൻ കാരണം സുശാന്താണ്. അതൊരിക്കലും മറക്കാനാകില്ല. എന്റെ രോഗത്തിന്റെ ചികിൽസയ്ക്ക് വേണ്ടി സമൂഹം തന്നതാണ് പണം. എന്റെ അസുഖം മാറിയശേഷം ബാക്കിയുള്ള പണം സമൂഹത്തിന് നൽകാമെന്നാണ് പറഞ്ഞത്. ആ വാക്കിന് ഇപ്പോഴും മാറ്റമില്ല.

സുശാന്ത് എന്നോട് ആദ്യം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതുപോലെയുള്ള വിഡിയോ ചെയ്ത് പണം വന്നുകഴിഞ്ഞാൽ അതിൽ നിന്ന് അവർക്ക് കൊടുക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ചികിത്സ കഴിഞ്ഞിട്ട് പണം തരാമെന്ന് ഞാൻ പറഞ്ഞതാണ്. അപ്പോഴാണ് സുശാന്ത് എനിക്ക് കാശ് കിട്ടിക്കഴിഞ്ഞപ്പോൾ അഹങ്കാരമാണെന്നും കണ്ണ്മഞ്ഞളിച്ചെന്നുമൊക്കെ പറഞ്ഞത്.

രണ്ട് രോഗികളുടെ ചികിൽസയ്ക്കായി പണം തരണമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നു. അവർക്ക് കൊടുക്കാൻ വേണ്ടി തന്നെയാണ് പണം പിൻവലിച്ചത്. ജനങ്ങൾ തന്ന പണമായതുകൊണ്ട് അവരറിഞ്ഞ് തന്നെ പണം നൽകണമെന്നുണ്ടായിരുന്നു. അത് പറഞ്ഞപ്പോൾ സുശാന്തിന് ഇഷ്ടമായില്ല. കൂടാതെ ഈ രോഗികളുടെ വിവരങ്ങൾ ഞാൻ അന്വേഷിച്ചതും നീരസമുണ്ടാക്കി. നിന്റെയൊക്കെ എന്തെങ്കിലും വിവരം തിരക്കിയിട്ടാണോ ആളുകൾ സഹായിച്ചതെന്ന് ചോദിച്ചു. രണ്ടുലക്ഷം രൂപ പണമായിട്ട് തന്നെ നൽകണമെന്നും സുശാന്ത് വാശിപിടിച്ചു.

ഞാനൊരിക്കലും വാക്ക് മാറ്റിയിട്ടില്ല. സുശാന്ത് പോസ്റ്റ് ചെയ്ത വിഡിയോയിലും ഞാൻ പറഞ്ഞത് എന്റെ രോഗം മാറിക്കഴിഞ്ഞ് ബാക്കിയുള്ളത് നൽകാമെന്നാണ്. എന്റെ ചികിൽസയ്ക്ക് എത്രയാകുമെന്ന് അറിയില്ല. സുശാന്ത് പറയുന്നത് മുപ്പത്ലക്ഷം രൂപ ചെലവാകും, അതുകഴിഞ്ഞ് ബാക്കിയുള്ളത് തരണമെന്നാണ്. അത്രയും തുക മാത്രമേ ആകൂ എന്നുള്ളതിന് ഉറപ്പില്ല. ഇപ്പോൾ തന്നെ എന്റെ രോഗത്തിന്റെ ചികിൽസയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവായിട്ടുണ്ട്. എന്റെ അമ്മയുടെ കെട്ടുതാലിവരെ വിറ്റ് ചികിൽസ നടത്തിയിട്ടുണ്ട്. രണ്ടായിരം രൂപയുടെ മരുന്നാണ് ഞാൻ കഴിക്കുന്നത്. ഇത്രയും പണം ഉണ്ടെങ്കിലും രോഗം പൂർണ്ണമായും മാറുമോയെന്ന് എനിക്ക് അറിയില്ല. രോഗം മാറിയില്ലെങ്കിലും എനിക്ക് ജീവിക്കണം.

നിനക്ക് അമ്മയെ നോക്കണ്ടേ, വീട് ശരിയാക്കേണ്ടേ എന്നൊക്കെ സുശാന്താണ് ആദ്യം ഇങ്ങോട്ട് പറഞ്ഞത്. അതൊന്നുംവേണ്ട ജനങ്ങൾ ചികിൽസയ്ക്ക് വേണ്ടി തന്ന പണം അതിന് മാത്രമേ വിനിയോഗിക്കുകയുള്ളൂവെന്ന് ഞാൻ മറുപടിയും പറഞ്ഞിരുന്നു. ഗതികേട് കൊണ്ടാണ് ലൈവിൽ വന്ന് സഹായം അഭ്യർത്ഥിച്ചത്. ഇപ്പോൾ പറയുന്നത് എന്റെ അക്കൗണ്ട് നിർജീവമാക്കും, ഒരു പൈസയും നിനക്ക് കിട്ടില്ല എന്നൊക്കെയാണ്.'

ഒരുപാട് പേര് ഇതിന് മുമ്പ് സഹായിച്ചിട്ടുണ്ട്. അവരാരും യാതൊന്നും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് സുശാന്തിന്റെ ആവശ്യം തനിക്ക് മനസിലാകാതെ വന്നതെന്നും പ്രീതി പറയുന്നു.