sonakshi

ന്യൂഡൽഹി: ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന നടൻ ശത്രുഘ‌്‌നൻ സിൻഹയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് മകളും ബോളിവുഡ് നടിയുമായ സൊനാക്ഷി സിൻഹ രംഗത്ത്. അച്ഛൻ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്ന് സൊനാക്ഷി പ്രതികരിച്ചു. 'ബി.ജെ.പിയുടെ ആരംഭകാലഘട്ടം മുതൽ തന്നെ പാർട്ടിയിൽ അംഗമായിരുന്നു അച്ഛൻ. ജയപ്രകാശ് നാരായണൻ. വാജ്‌പേയി,​ അദ്വാനി എന്നിവർക്കൊപ്പമെല്ലാം അദ്ദേഹം പ്രവർത്തിച്ചു. പാർട്ടിക്കുള്ളിൽ എല്ലാവർക്കും അദ്ദേഹത്തോട് വളരെ ബഹുമാനമായിരുന്നു. എന്നാൽ ഇപ്പോൾ അത് അദ്ദേഹത്തിന് ലഭിക്കുന്നില്ല. എന്റെ അഭിപ്രായത്തിൽ പുതിയ തീരുമാനം ഏറെ വൈകിയെന്നാണ്. അദ്ദേഹത്തിനിത് കുറച്ചു നേരത്തെയാകാമായിരുന്നു'- സൊനാക്ഷി പറഞ്ഞു.

മോദി സർക്കാരിനെതിരെ കഴിഞ്ഞ കുറച്ചു കാലമായി രൂക്ഷവിമർശനം ഉന്നയിക്കാറുള്ള സിൻഹ ബി.ജെ.പി ക്യാമ്പിലെ കരടായി തുടരുന്നതിനിടെയാണ് പാർട്ടി വിടുകയാണെന്നുള്ള പ്രഖ്യാപനം അദ്ദേഹം നടത്തിയത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. 10 വർഷമായി സിൻഹ എം.പിയായി തുടരുന്ന ബിഹാറിലെ പാട്‌നയിൽ കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദിനെ മത്സരിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചതോടെയാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് സിൻഹ എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രിയുടെ പാട്നാ റാലിയിൽ സിറ്റിംഗ് എം.പിയായ തന്നെ ക്ഷണിക്കാതിരുന്നപ്പോൾ തന്നെ സിൻഹയ്ക്ക് അത് മനസിലായി. എന്തുവന്നാലും പാട്ന വിട്ട് ഒരു കളിയിമില്ലെന്ന് സിൻഹ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.