agriculture

തിരുവനന്തപുരം : കർഷക വായ്പയ്ക്ക് മേലുള്ള മൊറട്ടോറിയത്തിൻമേൽ സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ടിക്കാറാം മീണ. കാർഷിക വായ്പകളിന്മേൽ ജപ്തി നടപടികൾക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കുന്നത് സംബന്ധിച്ച് ചീഫ് ഇലക്ടറൽ ഓഫിസർ സംസ്ഥാന സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.

വിശദീകരണം ആവശ്യപ്പെട്ട് ഇത് സംബന്ധിച്ച ഫയൽ ചീഫ് സെക്രട്ടറിക്കു മടക്കുകയും ചെയ്തതിനെ തുടർന്നാണ് സർക്കാർ വിശദീകരണം നൽകിയത്. മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് അടിയന്തിരമായി ഇറക്കേണ്ട സാഹചര്യം എന്താണെന്നും, മന്ത്രിസഭ മാർച്ച് 5ന് തീരുമാനിച്ചിട്ടും ഉത്തരവിറക്കാൻ വൈകിയതെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് ചീഫ് സെക്രട്ടറിയോട് ചോദിച്ചിരുന്നത്. എന്നാൽ ഈ വിഷയത്തിൽ കിട്ടിയ മറുപടികളെല്ലാം തൃപ്തികരമാണെന്നും സർക്കാർ അപേക്ഷ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ് കൈമാറുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ടിക്കാറാം മീണ അറിയിച്ചു.