ഇത് മരുഭൂമിയോ, പൂങ്കാവനമോ? ഇവിടെ എത്തിയാൽ ആർക്കും അങ്ങനെയൊരു സംശയം തോന്നാം..പറഞ്ഞുവരുന്നത് കാലിഫോർണിയ മരുഭൂമിയെക്കുറിച്ചാണ്. ഇവിടെ മഞ്ഞ് പെയ്യും, വസന്തകാലമായാൽ ചെടികൾ വളർന്ന് പൂക്കൾ കൊണ്ട് നിറയും.
മരുഭൂമിയിൽ എവിടെ ചെടികൾ എന്ന് ചോദിക്കാൻ വരട്ടെ, അതാണ് ഇവിടത്തെ പ്രത്യേകത. പക്ഷേ, പത്തുകൊല്ലത്തിലൊരിക്കലേ ഇത് കാണാനൊക്കൂ. ഈ കാലയളവിൽ മരുഭൂമിയിലെ ഓരോയിടങ്ങളിലായി ചെടികൾ മുളച്ചു തുടങ്ങും. പതിയെപ്പതിയെ വളർന്നുവളർന്ന് അവ പുഷ്പിക്കാൻ തുടങ്ങും.
ആദ്യം ലില്ലിപ്പൂ.. പിന്നെ പോപ്പി, പാരിസ്, ഗോസ്റ്റ് ഫ്ളവർ അങ്ങനെ പൂക്കളുടെ താഴ്വാരമായി ഇവിടം മാറും. ഏറ്റവുമൊടുവിൽ പ്രൈം റോസ് പുഷ്പിക്കുന്നതോടെ പൂക്കാലത്തിന് അവസാനമാകും. വെള്ളമോ തണലോ കിട്ടില്ല. എങ്കിലും കൊഴിഞ്ഞു വീഴുന്ന ചെടികളുടെ വിത്തുകൾ മരുഭൂമിയിൽ കാലങ്ങളോളം കിടക്കും,അടുത്ത സീസണിനെ വരവേൽക്കാൻ. വിത്തുകളിലെ കട്ടിയുള്ള മെഴുക് കവചമാണ് ഇവയെ വർഷങ്ങളോളം സംരക്ഷിച്ചു നിർത്തുന്നതത്രേ.
കാലാവസ്ഥ അനുകൂലമാകുന്ന ഘട്ടത്തിൽ ഇവ മുളയ്ക്കും. ചെടികൾ പൂക്കുമ്പോൾ തേൻ നുകരാൻ പൂമ്പാറ്റകളുമെത്തും.
മരുഭൂമിയിലെ കുളിർമ്മയുടെ കാഴ്ച. വേനലായാൽ പിന്നെ വീണ്ടും ഇവിടം മരുഭൂമി.