പുളി ഇഷ്ടമില്ലാത്തവരാണോ? എങ്കിൽ ഒരു ' മിറക്കിൾ ഫ്രൂട്ട് "കഴിക്കൂ. ഏതാണ്ട് 30 മിനിട്ട് നേരം എന്ത് കഴിച്ചാലും മധുരം അനുഭവപ്പെടും! ആഫ്രിക്കയിൽ കാണപ്പെടുന്ന ബെറി വർഗത്തിൽപെട്ട ഫലമാണ് മിറക്കിൾ ഫ്രൂട്ട്.
ഇത് കഴിക്കുമ്പോൾ നാവിലെ രസമുകുളങ്ങൾക്ക് കുറച്ച് സമയത്തേക്ക് പുളി രസം അറിയാൻ സാധിക്കാതെ വരുന്നു. അല്പം മധുരവും കയ്പ്പും ഇടകലർന്ന രുചിയുള്ള മിറക്കിൾ ഫ്രൂട്ട് കഴിച്ചതിനു ശേഷം നാരങ്ങാ പോലുള്ള പുളിയുള്ള ആഹാര പദാർത്ഥങ്ങൾ കഴിച്ചാൽ മധുരമായിരിക്കും തോന്നുക. ഇവ 'മിറക്കിൾ ബെറി ', 'ടാമി ' തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.
ഇവയിൽ അടങ്ങിയിരിക്കുന്ന 'മിറക്കുലിൻ' എന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യമാണ് ഈ പ്രത്യേകതയ്ക്ക് കാരണം. മിറക്കുലിൻ നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ച് പുളി, കയ്പ് രുചികൾക്ക് പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നു. സപ്പോട്ടേസിയേ കുടുംബത്തിൽപെട്ട ഇവയിൽ പഞ്ചസാരയുടെ അംശം കുറവായതിനാൽ പ്രമേഹ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. കീമോതെറാപ്പിക്ക് വിധേയരായ രോഗികളിൽ നാവിലെ രുചി വ്യത്യാസം ക്രമപ്പെടുത്താനും മിറക്കിൾ ഫ്രൂട്ട് സഹായിക്കും.