amit-sha-

ഗാന്ധിനഗർ: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഗുജറാത്തിലെ ഗാന്ധിനഗറിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 1998 മുതൽ മുതിർന്ന നേതാവ് എൽ.കെ. അദ്വാനി തോൽവിയറിയാതെ വിജയിച്ചുകയറിയ മണ്ഡലമാണ് ഗാന്ധിനഗർ. ലോക്സഭയിൽ അമിത് ഷായുടെ കന്നിയങ്കമാണിത്.

നാല് കിലോമീറ്ററോളം മണ്ഡലത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത റോഡ് ഷോ നടത്തിയാണ് പത്രികാസമർപ്പണത്തിന് ഷാ എത്തിയത്. അഹമ്മദാബാദിലെ സർദാർ പട്ടേൽ പ്രതിമയ്ക്ക് സമീപത്തുനിന്ന് ആരംഭിച്ച റോഡ് ഷോയിൽ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, പിയൂഷ് ഗോയൽ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു. അഹമ്മദാബാദിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച വേദിയിൽ ശിവസേന നേതാവ് ഉദ്ദവ് താക്കറെ, എൽ.ജെ.പി നേതാവ് രാം വിലാസ് പാസ്വാൻ തുടങ്ങിയവരും പങ്കെടുത്തു.