ചെന്നൈ: തിരഞ്ഞെടുപ്പിന്റെ പേരിൽ നടക്കുന്ന പരിശോധനകളുടെ ഭാഗമായി തമിഴ്നാട്ടിൽ ഡി.എം.കെ ട്രഷറർ ദുരൈ മുരുഗന്റെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. വെല്ലൂരിലെ കട്പാടിയിലുള്ള വസതിയിൽ വെള്ളിയാഴ്ച രാത്രി വൈകി ആരംഭിച്ച റെയ്ഡ് ഇന്ന് രാവിലെയോടെയാണ് അവസാനിച്ചത്. ദുരൈ മുരുകന്റെ വസതിക്ക് പുറമെ കോളേജിലും ഫാം ഹൗസിലും പരിശോധന നടത്തി. മുരുകന്റെ മകൻ കതിർ ആനന്ദ് വെല്ലൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കർണാടകത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡ് വിവാദമായിരുന്നു. റെയ്ഡിനെതിരെ കുമാരസ്വാമി പരസ്യമായി തെരുവിൽ ഇറങ്ങിയിരുന്നു. ഇതേത്തുടർന്ന് കേന്ദ്രസർക്കാർ രാഷ്ട്രീയ നേട്ടങ്ങൾക്കായി ആദായ നികുതി വകുപ്പിനെ ഉപയോഗിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.