വിഷയം പരസ്യമാണെങ്കിലും പിന്നിലുള്ളതെല്ലാം പരമ മഹാരഹസ്യം! പണ്ടത്തെപ്പോലെ ചുവരെഴുത്തും നോട്ടീസും മുദ്രാവാക്യവും മാത്രം പോരാ, ഇലക്‌ഷൻ ജയിക്കാൻ. അതിന് പ്രൊഫഷണൽ പരസ്യ ഏജൻസികളുടെ വിപണന തന്ത്രങ്ങൾ വേണം. കണ്ടാലുടൻ വോട്ടർമാർ കറങ്ങിവീഴുന്ന പരസ്യങ്ങൾ വേണം. ഒറ്റനോട്ടത്തിൽ ശ്രദ്ധ കൊളുത്തിവലിക്കുന്ന പരസ്യവാചകങ്ങൾ വേണം. പാർട്ടിയുടെ ജയപരാജയ സാദ്ധ്യതകൾ അളന്നെടുക്കാൻ വിപണിപഠനം (മാർക്കറ്റ് സ്റ്റഡി) വേണം. ഇതിനൊക്കെ പാർട്ടി അക്കൗണ്ടിൽ ശതകോടികൾ വേണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേഷത്തിൽ മുതൽ പ്രസംഗഭാഷയിൽ വരെ അടിമുടി മാർക്കറ്റിംഗ് തന്ത്രം പയറ്റുന്ന ബി.ജെ.പിയാണ് ഈ തിരഞ്ഞെടുപ്പിൽ പരസ്യ ഇനത്തിൽ ഏറ്റവും അധികം തുക ചെലവഴിക്കുന്ന പാർട്ടി. ദിനപത്രങ്ങൾ ഉൾപ്പെടെയുള്ള അച്ചടി മാദ്ധ്യമങ്ങൾ, ടിവി, സോഷ്യൽ മീഡിയ, റേഡിയോ എന്നിവയിലെല്ലാം കൂടി വരാനിരിക്കുന്ന ബി.ജെ.പി പരസ്യങ്ങൾ 600 കോടിയുടേതാണ് എന്നാണ് കേൾവി (യഥാർത്ഥ കണക്ക് ഇതൊന്നുമാകില്ല). ഇതിനെല്ലാം ചുക്കാൻ പിടിക്കാനുള്ള കരാർ കിട്ടിയത് പരസ്യരംഗത്തെ ബഹുരാഷ്‌ട്ര ഭീമനായ മാഡിസൺ മീഡിയയ്‌ക്ക്.
2014-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പരസ്യ- വിപണന തന്ത്രങ്ങൾക്കു പിന്നിൽ മാഡിസൺ മീഡിയയുടെ തലച്ചോറായിരുന്നു. ബി.ജെ.പിയുടെ പരസ്യ കരാറിനായി ഇത്തവണ മത്സരത്തിനുണ്ടായിരുന്നത് ചെറുതും വലുതുമായി 18 ഏജസികളാണ്. ബാബാ രാംദേവിന്റെ പതഞ്ജലി പരസ്യങ്ങളുടെ സ്രഷ്‌ടാക്കളായ വെർമിലിയൺ കമ്യൂണിക്കേഷൻസ് മുതൽ കഴിഞ്ഞ തവണ ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ പ്രചാരണ ചുമതല വഹിച്ച ക്രയോൺസ് അഡ്വർടൈസിംഗ് വരെയുണ്ടായിരുന്നു കൂട്ടത്തിൽ. 600 കോടിയുടെ നറുക്കടിച്ചത് പക്ഷേ, മാഡിസൺ മീഡിയയ്‌ക്ക്.
2014-ൽ മാഡിസണിനൊപ്പം പ്രമുഖ ഏജൻസിയായ ഒഗിൽവി ആൻഡ് മേത്തറും ബി.ജെ.പിയുടെ സഹായത്തിനുണ്ടായിരുന്നു. അബ് കി ബാർ മോദി സർക്കാർ എന്ന ഹിറ്റ് പരസ്യവാചകം മെനഞ്ഞെടുത്തത് ഒഗിൽവി. ഒ ആൻഡ് എമ്മിന്റെ തന്റെ സംരംഭമായ സോഹോ സ്‌ക്വയർ, മക്‌കാൻ എന്നീ ഏജൻസികളും കഴിഞ്ഞ തവണ മോദിയെ അധികാരത്തിലേറ്റിയ പ്രചാരവേലകളുടെ അണിയറയിൽ ഉറക്കമിളച്ചു.
പരസ്യങ്ങൾക്ക് പ്രൊഫഷണൽ ഏജൻസികളുടെ സേവനം തേടുന്നതിൽ ബി.ജെ.പിക്കു തൊട്ടു പിന്നിൽത്തന്നെയുണ്ട് കോൺഗ്രസ്. കഴിഞ്ഞ തവണ ഡെന്റ്സു ആയിരുന്നു കോൺഗ്രസിന്റെ മീഡിയ ഏജൻസിയെങ്കിലും, മാഡിസണിനോട് പിടിച്ചുനിൽക്കാനായില്ല. ഇത്തവണ ഡെന്റ്സുവിനെ വിട്ട് പുതിയ ഏജൻസിയെ കോൺഗ്രസ് പരസ്യച്ചുമതല ഏൽപ്പിച്ചെന്ന് കേൾവിയുണ്ടെങ്കിലും അതാരെന്ന കാര്യം അജ്ഞാതം. എന്തായാലും ഇത്തവണ മോദിയുടെ ചൗക്കിദാർ പരസ്യത്തെ, അതേ നാണയത്തിൽ തിരിച്ചടിക്കുന്നതാവും കോൺഗ്രസിന്റെ പരസ്യവാചകം.
തിരഞ്ഞെടുപ്പു പ്രചാരവേലയ്‌ക്ക് വൻ തുക മുടക്കുന്നതിൽ ബി.ജെ.പിയും കോൺഗ്രസും കഴിഞ്ഞാൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശവും, അണ്ണാ ഡി.എം.കെയുമാണ് അടുത്ത സ്ഥാനങ്ങളിൽ. ഓരോ പാർട്ടിയും ചെലവിടുന്ന തുക രഹസ്യം. പഴയ മട്ടിലുള്ള പ്രിന്റ് പരസ്യങ്ങളിലും പോസ്റ്ററുകളിലും നിന്ന് സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിലേക്കുള്ള മാറ്റമാണ് ഈ തിരഞ്ഞെടുപ്പിൽ വന്ന വിപ്ളവകരമായ വ്യത്യാസം. . ബി.ജെ.പി ആകെ ചെലവിടുന്ന തുകയുടെ 40 ശതമാനം ഫേസ്ബുക്, വാട്ട്സ്ആപ് പ്രചാരണത്തിന്. പരമ്പരാഗത വോട്ടർമാരെ സ്വാധീനിക്കുന്നതിന് പരിധിയുണ്ടെന്ന് അറിയാവുന്ന പ്രൊഫഷണൽ ഏജൻസികളുടെ കണ്ണ് പുതിയ തലമുറയുടെ ചൂണ്ടുവിരൽത്തുമ്പിലാണ്. സ്വാഭാവികമായും നവമാധ്യമങ്ങൾക്കു തന്നെ ഡിമാൻഡ്.
റേഡിയോയുടെ തിരിച്ചുവരവിനു കൂടി ഈ തിരഞ്ഞെടുപ്പ് വഴിയൊരുക്കുമെന്നാണ് മാർക്കറ്റിംഗ് ഏജൻസികളുടെ വിലയിരുത്തൽ. രാജ്യമെങ്ങും എഫ്.എം റേഡിയോകളുടെ വിപുലമായ ശൃംഖലയുള്ളതുകൊണ്ട് വോട്ടർമാരിൽ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ഗ്രാമവാസികളിലെത്താൻ റേഡിയോ ആണ് മികച്ച മാദ്ധ്യമമെന്ന് എല്ലാ പാർട്ടികളും കരുതുന്നു. ടാം മീഡിയ റിസർച്ചിന്റെ ടാം ആക്‌സിസ് നടത്തിയ പഠനമനുസരിച്ച് മുൻ വർഷത്തേക്കാൾ റേഡിയോ പരസ്യങ്ങളിൽ 16 ശതമാനം വർദ്ധനവുണ്ടാകും. അച്ചടി പരസ്യങ്ങളിൽ വരാവുന്ന കുറവ് 10 ശതമാനം. ഏറ്റവും തിരച്ചടി ദൃശ്യമാധ്യമങ്ങൾക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അച്ചടി- ദൃശ്യ മാദ്ധ്യമങ്ങൾക്ക് ആധിപത്യമുണ്ടായിരുന്ന പരസ്യരംഗം ഇത്തവണ ഫേസ്ബുക്കും വാട്സ്ആപ്പും ഉൾപ്പെടെ കൈയടക്കി.
ചരിത്രത്തിലെ
മെഗാ ചെലവ്
2016-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പരസ്യ ഇനത്തിൽ ചെലവഴിക്കപ്പെട്ട തുക 6.5 ദശലക്ഷം ഡോളർ ആണ്.അതായത്, 650 കോടി ഇന്ത്യൻ രൂപ. 2014-ലെ ഇന്ത്യൻ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ചെലവഴിക്കപ്പെട്ടതാകട്ടെ, 500 കോടി രൂപ. ഇത്തവണ ബി.ജെ.പി മാത്രം 600 കോടിക്കും 750 കോടിക്കും ഇടയിൽ തുക പരസ്യപ്രചാരണത്തിന് വിനിയോഗിക്കുന്നുവെന്ന് അറിയുമ്പോൾ എല്ലാ പാർട്ടികളും കൂടി പൊടിക്കുന്ന തുകയുടെ വലുപ്പം ഊഹിക്കാം.ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാകും നമ്മൾ വോട്ടു ചെയ്യാനിരിക്കുന്ന ഈ ലോക്‌സഭാ തിരഞ്ഞെടുപ്പെന്നാണ് യു.എസ് മാർക്കറ്റിംഗ് വിദഗ്ദ്ധരുടെ കണക്കെടുപ്പ്.
ചൗക്കിദാറുടെ
പരസ്യക്കാരൻ
മാഡിസൺ മീഡിയ
മാതൃസ്ഥാപനം: മാഡിസൺ വേൾഡ്
ആസ്ഥാനം: മുംബയ്
ചെയർമാൻ: സാം ബൽസാര
ആരംഭം: 1988
പ്രവർത്തന ശൃംഖല: ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ
പ്രവർത്തന മേഖല: അഡ്വർടൈസിംഗ്, മീഡിയ ബിസിനസ് അനലറ്റിക്‌സ്, ഔട്ട്ഡോർ, ആക്‌റ്റിവേഷൻ, ഇവന്റ്സ്, പി.ആർ, എന്റർടെയ്‌ൻമെന്റ്...
ബിസിനസ് യൂണിറ്റുകൾ: 24
പ്രമുഖ ക്ളൈന്റുകൾ: ഏഷ്യൻ പെയിന്റ്സ്, ബ്ളൂസ്റ്റാർ, ബ്രിട്ടാണിയ,കാഡ്ബറി, കഫേ കോഫി ഡേ, കോൾഗേറ്റ്, ഗോദ്‌റെജ്, ഇന്ത്യൻ ഓയിൽ, ബി.ജെ.പി
പ്രതിവർഷ ബില്ലിംഗ്: ശരാശരി 2500 കോടി