ചണ്ഡീഗഡ്: പഞ്ചാബിൽ വനിതാ ഡ്രഗ് ഇൻസ്പെക്ടറെ വെടിവച്ച് കൊലപ്പെടുത്തി. ഖരാറിലെ ഡ്രഗ് ആൻഡ് ഫുഡ് കെമിക്കൽ ലബോറട്ടറിയിലെ സോണൽ ലൈസൻസിംഗ് ഓഫീസർ നേഹ ഷൂരി (36) യാണ് സ്വന്തം ഓഫീസ് റൂമിൽവച്ച് വെടിയേറ്റ് മരിച്ചത്. നേഹയ്ക്കുനേരെ രണ്ട് റൗണ്ട് വെടിയുതിർത്ത അക്രമി പൊലീസ് പിടികൂടുന്നതിനിടയിൽ സ്വയം വെടിവച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന പ്രതി അപകടനില തരണം ചെയ്തു. സംഭവത്തിൽ അടിയന്തരമായി തുടർ നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് പൊലീസിനോട് നിർദ്ദേശിച്ചു. പഞ്ച്ഗുള സ്വദേശിയായ നേഹ 2016 മുതലാണ് ഖരാറിൽ ജോലി ആരംഭിക്കുന്നത്. നേഹ ലൈസൻസ് റദ്ദാക്കിയതിന്റെ പ്രതികാരമാണ് ഫാർമസി ഉടമയായ പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.