ന്യൂഡൽഹി: കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റു ചെയ്‌ത ഇടനിലക്കാരൻ ദീപക് തൽവാറിന്റെ ഉടമസ്ഥതയിലുള്ള ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിനോട് ചേർന്ന എയ്റോസിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഹോളിഡെ ഇൻ പഞ്ചനക്ഷത്ര ഹോട്ടൽ കണ്ടുകെട്ടി. കള്ളപ്പണക്കേസിൽ കഴിഞ്ഞ ജനുവരിയിലാണ് തൽവാറിനെ ദുബായിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്.
യു.പി.എ സർക്കാർ ഭരിച്ച 2008-09 കാലത്ത് സിവിൽ വ്യോമയാന മന്ത്രാലയത്തിലെ മന്ത്രിമാരെയും അവരുമായി ബന്ധമുള്ള രാഷ്‌ട്രീയ നേതാക്കളെയും ബ്യൂറോക്രാറ്റുകളെയും സ്വാധീനിച്ച് എമിറേറ്റ്‌സ്, എയർ അറേബ്യ, ഖത്തർ എയവെയ്‌സ് തുടങ്ങിയ വിമാന കമ്പനികൾക്ക് അനുമതികൾ സാധിച്ചുകൊടുത്ത വകയിൽ കമ്മിഷനായി ലഭിച്ച 272 കോടി രൂപയുടെ ഇടപാടാണ് എൻഫോഴ്സ്‌മെന്റ് അന്വേഷിക്കുന്നത്. പണം ബ്രിട്ടീഷ് വെർജീൻ ഐലൻഡിൽ രജിസ്‌റ്റർ ചെയ്‌ത ഏഷ്യാഫീൽഡ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിംഗപ്പൂരിലെ അക്കൗണ്ടിലാണ് തൽവാർ നിക്ഷേപിച്ചത്. അവിടെ നിന്ന് വേവ് ഹോസ്‌പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് പണം ഇന്ത്യയിലെത്തിച്ചു. മകൻ ആദിത്യ തൽവാറിന്റെയും ബന്ധുക്കളുടെയും പേരിലായിരുന്നു കമ്പനി. വേവ് ഹോസ്‌പിറ്റാലിറ്റി ലിമിറ്റഡിന്റെ പേരിലാണ് എയ്റോസിറ്റിയിൽ ഹോട്ടൽ നിർമ്മിച്ചത്.