crime

കോലഞ്ചേരി: അമ്മയുടെ കാമുകന്റെ ക്രൂര ആക്രമണത്തിൽ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തൊടുപുഴ സ്വദേശി ഏഴു വയസുകാരന്റെ ആരോഗ്യസ്ഥിതി ആശങ്കജനകമായി തുടരുന്നു. വെന്റിലേറ്ററിൽ തുടരുന്ന കുട്ടിയെ മറ്റ് ആശുപത്രിയിലേക്ക് മാറ്റുവാൻ പറ്റിയ അവസ്ഥയിലല്ല. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഉറപ്പിക്കാനായിട്ടില്ലെന്നും, എന്നാൽ അതിജീവിക്കാൻ സാധ്യത വിരളമാണെന്നും മെഡിക്കൽ ബോർഡ് പരിശോധനയിൽ വ്യക്തമായി. പൂർണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാണെങ്കിലും ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡിന്റെ ശുപാർശ

അന്ന് സംഭവിച്ചത്
സംഭവ ദിവസം രാത്രി ഒന്നരയോടെ അരുണും കുട്ടികളുടെ മാതാവും സ്വന്തം കാറിൽ വീടിന് മൂന്ന് കിലോമീറ്റർ അകലെയുള്ള വെങ്ങലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയി. ഈ സമയം കുട്ടികൾ രണ്ടുപേരും ഭക്ഷണം കഴിക്കാതെ വീട്ടിൽ തളർന്നുറങ്ങുകയായിരുന്നു. കുട്ടികളെ മുറിക്കുള്ളിലാക്കി പുറത്ത് നിന്നും പൂട്ടിയ ശേഷമാണ് ഇരുവരും പോയത്. മൂന്നു മണിയോടെ ഭക്ഷണപൊതിയുമായി വീട്ടിൽ തിരിച്ചെത്തിയ ഇവർ കുട്ടികളെ വിളിച്ചുണർത്തി. ഇളയകുട്ടി അടുത്തെത്തിയപ്പോൾ കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ ലക്ഷണം കണ്ടു.

കുപിതനായ അരുൺ ഉറങ്ങി കിടന്നിരുന്ന മൂത്തകുട്ടിയെ കട്ടിലിൽ നിന്നും ചവിട്ടി താഴെയിട്ടു. അതിശക്തിയായി തൊഴിച്ചു. പിടഞ്ഞെഴുന്നേറ്റ കുട്ടിയെ തൂക്കിയെടുത്തു വലിച്ചെറിഞ്ഞു. അലമാരയും മറ്റു ഗൃഹോപകരണങ്ങളും ഇരിക്കുന്ന മൂലയിലേക്ക് കുട്ടി തെറിച്ചു വീണു. കോൺക്രീറ്റ് ഷെൽഫിന്റെ വക്കിലിടിച്ച് കുട്ടിയുടെ തലയോട്ടിയുടെ പിൻഭാഗം ചന്ദ്രക്കലയുടെ ആകൃതിയിൽ പൊട്ടിപിളർന്ന് രക്തം ചീറ്റി. കലിയടങ്ങാതെ വീണ്ടും കുട്ടിയെ വലിച്ചിഴച്ച് മർദ്ദിച്ചു. തടസം പിടിക്കാനെത്തിയ കുട്ടിയുടെ മാതാവിന്റെ കരണത്തും ഇളയകുട്ടിയുടെ മുഖത്തും പ്രഹരിച്ചു.

ചേട്ടനെ തല്ലരുതെന്ന് ഇളയകുട്ടി കാലുപടിച്ച് നിലവിളിച്ചിട്ടും അരുൺ കലിയടങ്ങാതെ ഏറെ നേരം മർദ്ദനം തുടർന്നു. കുട്ടിയ്ക്ക് ബോധം നഷ്ടപ്പെട്ടതോടെ അരുണും കുട്ടികളുടെ മാതാവും ചേർന്ന് കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴും വീട്ടിൽ രക്തം തളംകെട്ടി കിടക്കുന്ന മുറിയിൽ ഇളയകുട്ടി ഒറ്റയ്ക്കായിരുന്നു.