sphadikam-2

വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ സ്ഫടികം 2വിന്റെ ആദ്യ ടീസർ പുറത്തിറക്കി. സ്ഫടികം എന്ന മോഹൻലാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം വരുന്നത്. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥപറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു.ജെ.കട്ടക്കലാണ്. ഇന്ന് രാവിലെ പുറത്തിറക്കിയ ടീസറിനെതിരെ മോഹൻലാൽ ആരാധകർ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ആടുതോമയുടെ വേഷത്തിന് സമാനമായ വേഷം ധരിച്ച കൊച്ചു കുട്ടി പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ചാടി ഇടിക്കുന്നതും, സ്ഫടികത്തിലെ ഡയലോഗ് പശ്ചാത്തലത്തിൽ കേൾക്കുന്നതുമൊക്കെയാണ് ടീസറിൽ കാണാൻ കഴിയുന്നത്. ഒരു ടീസറിന് ടിവി സീരിയലിന്റെ അത്രപോലും ഭംഗി ഇല്ലല്ലോ,​ ചിരിപ്പിക്കാതെ പോമോനെ ദിനേശാ എന്നുമൊക്കെയാണ് ചിലർ ടീസറിന് താഴെ കമന്റ് ചെയ്തിരിക്കുന്നത് സ്ഫടികം ഇറങ്ങി 24വർഷം പൂർത്തിയായപ്പോഴാണ് രണ്ടാം ഭാഗവുമായി ബിജു കട്ടക്കൽ എത്തുന്നത്.

മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ പേര് ഉപയോഗിച്ചതിലാണ് ആരാധകർക്ക് കലി അടങ്ങാത്തത്. ടീസറിന്റെ യൂട്യൂബ് വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പരിഹാസവും അസഭ്യവർഷവുമായി എത്തിയിരിക്കുന്നത്. വീഡിയോയ്ക് എതിരെ ഡിസ്‌ലൈക്ക് ക്യാംപെയിനും തുടങ്ങിയിരിക്കുകയാണ് മോഹൻലാൽ ആരാധകർ. സിനിമയുടെ കഥ എന്തായാലും പ്രശ്നമില്ല സ്ഫടികം എന്ന പേര് ഉപയോഗിക്കരുതെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഇരുമ്പൻ അല്ല ഇത് തുരുമ്പൻ ജോണിയാണെന്നും പരിഹാസമുയരുന്നുണ്ട്.

സ്ഫടികം 2 പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകരുടെ വിമർശനത്തിനൊപ്പം സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രനും സിനിമയ്ക്കെതിരെ രംഗത്തെത്തി. ‘സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ’- എന്നായിരുന്നു ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. എന്തൊക്കെ സംഭവിച്ചാലും ചിത്രം പുറത്തിറക്കുമെന്ന വാശിയിലാണ് ബിജു കട്ടക്കൽ.

നാലുവർഷത്തെ പഠനത്തിന് ശേഷമാണ് ചിത്രം പ്രഖ്യാപിച്ചതെന്നും ഒരുകാരണവശാലും സിനിമയുമായി പിന്നോട്ടില്ലെന്നും ബിജു കട്ടക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിൽ സണ്ണിലിയോൺ പ്രധാന വേഷത്തിലെത്തുമെന്നും ഐ.പി.എസ് ഉദ്യോഗസ്ഥയുെടെ വേഷത്തിലായിരിക്കും താരം അഭിനയിക്കുന്നതെന്നും ബിജു അഭിമുഖത്തിൽ പറഞ്ഞു. സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായിട്ടായിരിക്കും താരം എത്തുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി. ചിത്രീകരണം പൂർത്തിയായിട്ടും റിലീസ് ചെയ്യാൻ സാധിക്കാതിരുന്ന ‘യുവേഴ്‌സ് ലവിംഗ്‌ലി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജു.