tech

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്റർനെറ്റ് ഭീമൻമാരായ ഫേസ്ബുക്കിനെയും ഗൂഗിളിനെയും പറ്റിച്ച പണം കവർന്നയാളെ പിടികൂടി. വ്യാജ ഇൻവോയിസുകൾ വഴിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ലിത്വാനി സ്വദേശിയായ ഇവൽദാസ് റിമാസോക്‌സ് എന്ന യുവാവാണ് പിടിയിലായത്. ഏകദേശം 800കോടിയിലധികം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

ക്വാന്റ് കംപ്യൂട്ടർ എന്ന സ്ഥാപനത്തിന്റെ പേരിലാണ് റിമാസോക്‌സ് ഇരുകമ്പനികളെയും കബളിപ്പിച്ചത്. ലിത്വാനയിൽ ഇയാൾ കമ്പനി രജിസ്റ്റർ ചെയ്യുകയും തുടർന്ന് കമ്പനിയിൽ നിന്ന് സാധനങ്ങൾ വാങ്ങിയതായി കാണിച്ച് ഗൂഗിളിനും,​ ഫേസ്ബുക്കിനും വ്യാജ ഇൻവോയിസുകൾ അയക്കുകയും ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥർക്ക് ലഭിക്കേണ്ട കത്തുകൾക്കും കോൺട്രാക്റ്റ് പേപ്പറുകൾക്കുമൊപ്പമാണ് റിമാസോക്‌സ് അയച്ച ഇൻവോയിസുകളും കമ്പനികളിൽ എത്തിയത്. വലിയ തുകയായതിനാൽ വയർ ട്രാൻസ്ഫർ വഴിയാണ് കമ്പനികൾ ഇയാൾക്ക് പണം കൈമാറിയത്.

വാങ്ങിയിട്ടില്ലാത്ത സാധനങ്ങളുടെ പേരിലാണ് ഇരുകമ്പനികളും ഇയാൾക്ക് പണം നൽകിയത്. ഗൂഗിളിൽ നിന്ന് 2.3കോടി ഡോളറും ഫേസ്ബുക്കിൽ നിന്ന് 9.9കോടി ഡോളറുമാണ് ഇയാൾ തട്ടിയത്. വൈകിയാണെങ്കിലും ഗൂഗിളാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം കണ്ടെത്തിയത്. സംഭവം മനസിലാക്കിയ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയും ഇയാൾ പിടിയിലാവുകയും ചെയ്തു. പിടിക്കപ്പെട്ടപ്പോൾ പണം തിരികെ നൽകാമെന്ന് റിമാസോക്‌സ് അധികൃതരോട് പറയുകയും ചെയ്തു.